LiveTV

Live

Saudi Arabia

സൗദിയില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം  

സൗദിയില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം  

സൗദിയില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. സ്വദേശികളെ നിയമിച്ച് തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി. പ്രാദേശിക തൊഴില്‍ മേഖലയിലെ കൂടുതല്‍ തസ്തികകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നത്.

തൊഴില്‍-സാമുഹിക വികസന മന്ത്രാലയത്തിന് കീഴിലെ മാനവശേഷി വികസന നിധി അഥവാ ഹദഫാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം നിയമിതരാകുന്ന സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ നിശ്ചിത വിഹിതം ഹദഫ് വഹിക്കും. മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, ഹ്യൂമണ്‍ റിസോഴ്‌സസ് സ്‌പെഷ്യലിസ്റ്റ്, അഡ്മിന്‍ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വ്വീസ് എന്നീ അഞ്ച് തസ്തികകളിലായിരുന്നു ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പ്രാദേശിക തൊഴില്‍ മേഖലയിലെ കൂടുതല്‍ തസ്തികകള്‍ ഉള്‍പ്പെടുത്തും. സ്വദേശികളുടെ തൊഴില്‍ നൈപുണ്യം വളര്‍ത്തുകയും മികച്ച തൊഴിലുകള്‍ സൗദിവത്ക്കരിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വനിതകളേയും ഭിന്നശേഷിക്കാരെയും നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അധിക ധനസഹായത്തിന് അര്‍ഹതയുണ്ട്. 4000 മുതല്‍ 10,000 റിയാല്‍ വരെ വേതന വ്യവസ്ഥയില്‍ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ധനസഹായത്തിനര്‍ഹതയുണ്ടാകുക.