LiveTV

Live

Saudi Arabia

ഇഅ്ത്തിക്കാഫിന് രജിസ്ട്രേഷൻ ആരംഭിച്ചു; മൊബൈൽ ആപ്പ് വഴിയും വെബ് സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം

റമദാൻ 16 മുതൽ 19 വരെ അനുമതി പത്രം വിതരണം ചെയ്യും

ഇഅ്ത്തിക്കാഫിന് രജിസ്ട്രേഷൻ ആരംഭിച്ചു; മൊബൈൽ ആപ്പ് വഴിയും വെബ് സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം

റമദാനില്‍ ഹറമുകളില്‍ ഇഅ്ത്തികാഫ് ഇരിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഇരുഹറം കാര്യാലയം. അല്‍ ഹറമൈന്‍ എന്ന മൊബൈല്‍ ആപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം. ഇഅ്ത്തികാഫിനെത്തുന്നവർ കൃത്യമായി നിയമങ്ങളും വ്യവസ്ഥകളും പാലിക്കണമെന്നും ഇരുഹറം കാര്യാലയം അറിയിച്ചു.

മക്കയിലെ മസ്ജിദുൽ ഹറമിൽ റമദാൻ 10 വരെയും, മദീനയിലെ മസ്ജിദുന്നബവിയിൽ റമദാൻ 15 വരെയുമാണ് രജിസ്ട്രേഷനുള്ള സമയം. മസ്ജിദുൽ ഹറാമിൽ റമദാൻ 19 മുതലും മസ്ജിദുന്നബവിയിൽ റമദാൻ 20 മുതലുമാണ് ഇഅ്ത്തികാഫ് ആരംഭിക്കുക. റമദാൻ അവസാന ദിവസം രാത്രി ഇശാ നമസ്കാരം വരെ ഇഅ്ത്തികാഫ് തുടരാം. മസ്ജിദുന്നബവിയിൽ പടിഞ്ഞാറെ ഭാഗം മേൽതട്ടാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

റമദാൻ 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഇരുഹറമുകളിലും അനുമതി പത്രം വിതരണം ചെയ്യും. മസ്ജിദുൽ ഹറാമിൽ 119 ാം നമ്പർ കവാടത്തിനു മുമ്പിലെ കൗണ്ടർ വഴിയും, മസ്ജിദുന്നബവിയിൽ തെക്ക്, പടിഞ്ഞാറ് ഭാഗത്തെ മുറ്റങ്ങളിൽ വെച്ചുമായിരിക്കും അനുമതി പത്രം വിതരണം ചെയ്യുക. ഓരോരുത്തർക്കും സാധനങ്ങൾ സൂക്ഷിക്കുവാൻ പ്രത്യേകം കാബിനുകളുണ്ടായിരിക്കും. 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഇഅ്ത്തികാഫിന് അനുമതിയുളളൂ. കുടുംബ സമേതം വരുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുമിച്ച് കഴിയാൻ അനുവാദമില്ല. ഹറമുകളുടെ വൃത്തിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്നും ജീവനക്കാരുമായി സഹകരിക്കണമെന്നും ഇരുഹറം കാര്യലയം അറിയിച്ചു.