LiveTV

Live

Saudi Arabia

ചില്ലറ വില്‍പ്പന മേഖലയില്‍ സൗദിക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആല്‍പെന്‍ കാപിറ്റല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്

ചില്ലറ വില്‍പ്പന മേഖലയില്‍  സൗദിക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ചില്ലറ വില്‍പ്പന വ്യവസായത്തില്‍ അഞ്ച് വര്‍ഷത്തിനകം സൗദിക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ജി.സി.സി രാജ്യങ്ങളിലെ ചില്ലറ വില്‍പ്പനയില്‍ 2.2 ശതമാനം മുതല്‍ 5.1 ശതമാനം വരെ വാര്‍ഷിക വളര്‍ച്ച കൈവരിക്കും. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആല്‍പെന്‍ കാപിറ്റല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഗള്‍ഫിലെ ആകെ ചില്ലറ വില്‍പ്പനയുടെ 44.6 ശതമാനം അഥവാ 113 ബില്ല്യണ്‍ ഡോളറിന്റെ വ്യവഹാരം സൗദിയിലാണ് നടന്നത്. തൊട്ട് പിറകില്‍ 32 ശതമാനം അഥവാ 81 ബില്ല്യണ്‍ ഡോളര്‍ വില്‍പ്പനുമായി യു.എ.ഇ രണ്ടാം സ്ഥാനത്തുണ്ട്. കുവൈത്ത്, ഒമാന്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിലുള്ളത്. 2023ഓടെ സൗദിയില്‍ 132.7 ബില്ല്യണ്‍ ഡോളറിന്റെയും യു.എ.ഇയില്‍ 104.1 ബില്ല്യണ്‍ ഡോളറിന്റേയും ചില്ലറ വില്‍പ്പനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ജി.സി.സി രാജ്യങ്ങളിലെ ആകെ ചില്ലറ വ്യവസായം കഴിഞ്ഞ വര്‍ഷം 253.2 ബില്ല്യണ്‍ ഡോളറായിരുന്നു. ഇത് നാല് ശതമാനം വളര്‍ച്ച കൈവരിച്ച് 2023ഓടെ 308 ബില്ല്യണ്‍ ഡോളറിലെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനസംഖ്യാ വര്‍ദ്ധന, വിനോദം, പ്രതിശീര്‍ഷ വരുമാനം, എക്‌സ്‌പോ 2020 പോലുള്ള പരിപാടികള്‍ തുടങ്ങിയവയാണ് വര്‍ദ്ധനവിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്.