LiveTV

Live

Saudi Arabia

ആഗോള വിപണിയില്‍ എണ്ണ വില വീണ്ടും ഉയര്‍ന്നേക്കും 

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് 71 ഡോളറിലെത്തി

ആഗോള വിപണിയില്‍ എണ്ണ വില വീണ്ടും ഉയര്‍ന്നേക്കും 

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നേക്കും. ബാരലിന്​ മൂന്ന്​ ഡോളർ ഉയർന്ന്​ അന്താരാഷ്​ട്ര വിപണിയിൽ വില 71 ഡോളറിൽ എത്തി. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന്​ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്​ നൽകിയ ഇളവ്​ അമേരിക്ക പിൻവലിച്ച സാഹചര്യത്തിലാണിത്​.

ആണവ കരാറിൽ നിന്ന്​ പിന്തിരിഞ്ഞ അമേരിക്ക ഇറാനെതിരെ കൂടുതൽ ശക്​തമായ ഉപരോധ നടപടികളുമായി മുന്നോട്ടു പോവുകയാണ്​. ഇന്ത്യ ഉൾപ്പെടെ പുറം രാജ്യങ്ങൾക്ക്​ എണ്ണ വിൽക്കുന്നതിൽ നിന്ന്​ ഇറാനെ പൂർണമായും തടയുക എന്നതാണ്​ യു.എസ്​ ലക്ഷ്യം. ​ മെയ്​ രണ്ടിനുള്ളിൽ ഇറാനുമായുള്ള എണ്ണ ഇടപാട്​ അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം നേരിടണമെന്ന മുന്നറിയിപ്പാണ്​ ഇന്ത്യക്കും മറ്റും അമേരിക്ക നൽകുന്നത്​.

പോയവർഷം നവംബറിലാണ്​ ഇറാനു മേൽ യു.എസ്​ എണ്ണ ഉപരോധം ഏർപ്പെടുത്തിയത്​. ഇന്ത്യക്കു പുറമെ ചൈന, ഇറ്റലി, ഗ്രീസ്​, ജപ്പാൻ, ദക്ഷിണ കൊറിയ, തുർക്കി, തായ്​വാൻ എന്നീ രാജ്യങ്ങൾക്കാണ്​ ഇളവ്​ അനുവദിച്ചിരുന്നത്​. പുതിയ നടപടിയെ തുടർന്ന്​ ആഗോള വിപണിയിൽ എണ്ണ ലഭ്യതയിൽ കുറവ്​ നേരിടും. അതു നികത്താൻ ഒപെക്​ രാജ്യങ്ങൾക്ക്​ സാധിക്കുമെങ്കിലും വിലയിൽ സന്തുലിതത്വം കൊണ്ടു വരിക അത്ര എളുപ്പമാകില്ല. ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന്​ പ്രമുഖ ഒപെക്​ രാജ്യങ്ങളായ സൗദിയും യു.എ.ഇയും അറിയിച്ചിട്ടുണ്ട്​.

വിവിധ ഗൾഫ്​ രാജ്യങ്ങളിലെ നേതാക്കളുമായി യു.എസ്​ നേതാക്കൾ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്​. എണ്ണവിതരണം തടഞ്ഞാൽ ഹോർമുസ്​ കടലിടുക്കിലൂടെ കപ്പലുകൾക്ക്​ കടന്നു​ പോകുന്നതിന്​ തടസം സൃഷ്​ടിക്കുമെന്ന്​ നേരത്തെ​ ഇറാൻ താക്കീത്​ ചെയ്​തിരുന്നു. അമേരിക്കയെ മറികടന്ന്​ ഇറാനുമായി എണ്ണ ഇടപാട്​ തുടരാൻ ഇന്ത്യ തുനി​യാൻ സാധ്യതയില്ല. ഗൾഫ്​ ഉൾപ്പെടെ ഒപെകിലെ രാജ്യങ്ങളിൽ നിന്ന്​ കൂടുതൽ എണ്ണവാങ്ങി പ്രതിസന്​ധി മറികടക്കാൻ ഇന്ത്യക്ക്​ സാധിക്കും. എന്നാൽ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതുൾപ്പെടെയുള്ള സാമ്പത്തിക തിരിച്ചടികൾ ഉറപ്പാണ്​.