LiveTV

Live

Saudi Arabia

ഹൂതി മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അറബ് സഖ്യസേനാ വ്യോമാക്രമണം

യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ആക്രമണം നടന്നത് ഇന്ന് പുലര്‍ച്ചെ

ഹൂതി മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അറബ് സഖ്യസേനാ വ്യോമാക്രമണം

ഹൂതി മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അറബ് സഖ്യസേനയുടെ വ്യോമാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ആക്രമണം നടന്നത്.

സൗദി പ്രസ് ഏജന്‍സിയാണ് ആക്രമണ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഹൂത്തികളുടെ ആളില്ലാ വിമാനങ്ങളും മിസൈലുകളും നിര്‍മ്മിക്കുന്ന രഹസ്യ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചു. 2014 യമന്‍ സൈന്യത്തില്‍ നിന്നും ഹൂത്തികള്‍ പിടിച്ചെടുത്ത സന്‍അയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപമുള്ള റപ്പബ്ലിക്കന്‍ ഗാര്‍ഡ് ക്യാമ്പിലാണ് ആക്രമണം നടന്നത്. പൊതു ജനം തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് ഇവിടം. സിവിലിയന്‍മാരെ മനുഷ്യകവചമായി സ്വീകരിച്ചാണ് ഹൂത്തികള്‍ അക്രമങ്ങള്‍ക്ക് വേണ്ട സൈനിക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനത്തിന്റെ വ്യക്തമായ ലംഘനമാണെന്നും തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. സഖ്യ സേനയുടെ ആക്രമണം ഹൂത്തി ക്യാമ്പിനെ മാത്രം ലക്ഷ്യമിട്ടാണ് അതിനാല്‍ നാശനഷ്ടങ്ങളില്‍ നിന്നും പരമാവധി സിവിലിയന്‍മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും തുര്‍ക്കി അല്‍ മാലിക്കി കൂട്ടി ചേര്‍ത്തു. ഈ മാസം ആദ്യത്തില്‍ ഹൂത്തികള്‍ ആളില്ലാ വിമാനം ഉപയോഗിച്ച് സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സഖ്യ സേനയുടെ പ്രത്യാക്രമണം.