LiveTV

Live

Saudi Arabia

ഇന്ത്യ - സൗദി സൗഹൃദ ബന്ധത്തിന് പുതിയ മാനം നൽകി ഒരപൂർവ സംഗമം

ഇന്ത്യയിലാദ്യമായി അറബികൾ കാലുകുത്തിയ പൗരാണിക പ്രദേശമായ കൊടുങ്ങല്ലൂരിലെ മുസിരിസിന്റെ പേരിൽ തന്നെയായിരുന്നു ഈ അപൂർവ സംഗമം

ഇന്ത്യ - സൗദി സൗഹൃദ ബന്ധത്തിന് പുതിയ മാനം നൽകി ഒരപൂർവ സംഗമം

ഇന്ത്യ - സൗദി സൗഹൃദ ബന്ധത്തിന് പുതിയ മാനം നൽകിക്കൊണ്ടുള്ള ഒരപൂർവ സംഗമത്തിനാണ് ജിദ്ദയിലെ മലയാളി കൂട്ടായ്മയും ഇന്ത്യൻ കോൺസുലേറ്റും കഴിഞ്ഞ ദിവസം അവസരമൊരുക്കിയത്. ഇന്ത്യന്‍ വംശജരായ സൗദി പൗരന്മാരുടെ മലയാളത്തിലും മറ്റു ഭാഷകളിലുമുള്ള സംസാരം സദസ്സ്യരിൽ കൗതുകമുണർത്തി. കുട്ടികൾ അവതരിപ്പിച്ച മലബാർ കലാവിഷ്കാരങ്ങൾ സൗദി പൗരന്മാർക്കും ഗൃഹാതുര ഓർമ്മകൾ സമ്മാനിച്ചു.

ഇന്തോ-അറബ് സംഗമങ്ങൾ മുമ്പ് ഒട്ടനവധി നടന്നിട്ടുണ്ടെങ്കിലും സൗദിയിൽ ഇതാദ്യമായാണ് ഇന്ത്യന്‍ വംശജരായ സൗദി പൗരന്മാരുടെ ഒത്തു ചേരലിനു ജിദ്ദ കോൺസുലേറ്റങ്കണം വേദിയാവുന്നത്. ഇന്ത്യയിലാദ്യമായി അറബികൾ കാലുകുത്തിയ പൗരാണിക പ്രദേശമായ കൊടുങ്ങല്ലൂരിലെ മുസിരിസിന്റെ പേരിൽ തന്നെയായിരുന്നു ഈ അപൂർവ സംഗമം.

കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ്റാണ്ടുകൾക്കു മുമ്പ് സൗദിയിലെത്തി ഉപജീവനം നടത്തിയവരായിരുന്നു ഇവരുടെ പൂർവികർ. തങ്ങൾ പിന്നിട്ട വഴികളെക്കുറിച്ചുള്ള സ്മരണകളും അനുഭവങ്ങളും മലയാളം, മണിപ്പൂരി തുടങ്ങിയ ഭാഷകളിൽ ഇവർ സദസ്യരുമായി പങ്കുവെച്ചത് കൗതുകത്തോടെയാണ് ശ്രോതാക്കൾ ശ്രവിച്ചത്.

കൊറിയോഗ്രാഫർ റഹ്മത്ത് മുഹമ്മദ് ചിട്ടപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ച ഒപ്പന, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ കലാവിഷ്കാരങ്ങൾ മലബാറിൽ വേരുകളുള്ള സൗദി പൗരന്മാർക്ക് ഗൃഹാതുരമുണർത്തുന്ന അനുഭവമായി മാറി. പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ കോണ്സുലേറ്റിനോടും ഗുഡ് വിൽ ഗ്ലോബൽ ഇനീഷ്യേറ്റിവ് സംഘാടകരോടുമുള്ള അതിരറ്റ കൃതജ്ഞത രേഖപ്പെടുത്തികൊണ്ടാണ് അതിഥികൾ വേദിവിട്ടത്.