LiveTV

Live

Saudi Arabia

ഹാജിമാർക്ക് എമിഗ്രേഷന്‍ നടപടി; മക്കാ റോഡ് പദ്ധതിയില്‍ ഇന്ത്യയും വരുന്നു

പദ്ധതിയില്‍ ഉള്‍പെടുന്നതോടെ ജിദ്ദ- മദീന എയർപോർട്ടുകളിൽ നിന്ന് ഹാജിമാര്‍ക്ക് നടപടിക്രമങ്ങൾക്ക് കാത്തുനിൽക്കാതെ വേഗത്തിൽ പുറത്തിറങ്ങാന്‍ കഴിയും.

ഹാജിമാർക്ക് എമിഗ്രേഷന്‍ നടപടി; മക്കാ റോഡ് പദ്ധതിയില്‍ ഇന്ത്യയും വരുന്നു

ഹാജിമാർക്ക് എമിഗ്രേഷന്‍ നടപടി ക്രമങ്ങൾ സ്വന്തം നാട്ടിൽ പൂർത്തിയാക്കുന്ന മക്കാ റോഡ് പദ്ധതിയില്‍ ഇന്ത്യയെ ഉള്‍പെടുത്താന്‍ ശ്രമം തുടങ്ങി. പദ്ധതിയില്‍ ഉള്‍പെടുന്നതോടെ ജിദ്ദ- മദീന എയർപോർട്ടുകളിൽ നിന്ന് ഹാജിമാര്‍ക്ക് നടപടിക്രമങ്ങൾക്ക് കാത്തുനിൽക്കാതെ വേഗത്തിൽ പുറത്തിറങ്ങാന്‍ കഴിയും.

വിദേശ ഹജ്ജ് തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും സ്വദേശങ്ങളിലെ വിമാനത്താവളങ്ങളിൽ പൂർത്തിയാക്കുന്നതാണ് മക്ക റോഡ് പദ്ധതി. ഇതില്‍ ഇന്ത്യയെ കൂടി ഉൾപ്പെടുത്തനുള്ള നടപടികളാണ് ഇപോള്‍ ആരംഭിചിട്ടുള്ളത്. പദ്ധതി വഴിയെത്തുന്ന തീർത്ഥാടകർക്ക് ജിദ്ദ-മദീന എയർപോർട്ടുകളിൽ ആഭ്യന്തര സർവീസുകളിൽ യാത്രക്കാരെ പോലെ പുറത്ത് കടക്കാം. ജവാസാത്ത് കസ്റ്റംസ് അടക്കമുള്ള വകുപ്പുകളുടെ കൗണ്ടറുകളിൽ നടപടിക്രമങ്ങൾ നാട്ടില്‍ തീരുന്നതിനാലാണ് ഈ ഗുണം.

പദ്ധതി വഴി എത്തുന്ന തീർത്ഥാടകരുടെ ലഗേജുകൾ മക്കയിലേയും മദീനയിലേയും അവരുടെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചുനല്‍കും. മലേഷ്യ, ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹജ്ജ് തീർത്ഥാടകർക്ക് കഴിഞ്ഞ വർഷങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വൻ വിജയമായിരുന്നു. മക്കാ റോഡ് പദ്ധതി സൂപ്പർവൈസറി കമ്മിറ്റി ഇന്ത്യയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി വിശകലനം ചെയത് വരികയാണ്.