LiveTV

Live

Saudi Arabia

ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു

ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്കാണ് തിരിച്ചുപോവുന്നത്

ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും മൂന്ന് വർഷത്തെ സേവനത്തിനു ശേഷം ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം മടങ്ങുന്നു. ഇന്ത്യൻ സ്കൂൾ ഒബ്സർവർ എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനം പ്രശംസിക്കപ്പെട്ടു. ജിദ്ദയിലെ മലയാളി സമൂഹത്തോട് ഏറെ അടുത്തുനിന്നിരുന്ന ജനകീയനായിരുന്നു മുഹമ്മദ് ഷാഹിദ് ആലം.

മൂന്നു വർഷം ഹജ്ജിന്റെ വിജയകരമായ സംഘാടനത്തിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിന്റെ ആത്മസായൂജ്യത്തോടെയാണ് ഡെപ്യൂട്ടി കോൺസൽ ജനറല്‍ കൂടിയായ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ മടക്കം. മാസങ്ങളോളം നീളുന്ന ഹജ്ജ് മിഷന്റെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകിയും പുണ്യഭൂമിയിൽ ഇന്ത്യൻ ഹജ്ജ് വളണ്ടിയർമാരോടൊപ്പം സേവന നടത്തിയും അദ്ദേഹം സജീവമായിരുന്നു. കോൺസുലേറ്റിനു കീഴിലുള്ള ഇന്ത്യൻ സ്കൂൾ നിരീക്ഷകനുമായിരുന്നു മുഹമ്മദ് ഷാഹിദ് ആലം.

സ്കൂൾ കെട്ടിടം ഒഴിയേണ്ട പ്രതിസന്ധി ഘട്ടത്തിൽ അവസാന നിമിഷം നിർണായക ചർച്ചകളിലൂടെ ഫലപ്രാപ്തിയിലെത്തിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. ജിദ്ദയിലെ ഇന്ത്യൻ പൗരസമൂഹവുമായി ഊഷ്മള ബന്ധം പുലർത്തിയിരുന്ന മുഹമ്മദ് ഷാഹിദ് ആലം മലയാളികളുടെ ഹജ്ജ് വളണ്ടിയർ സേവനങ്ങളെ എന്നും പ്രശംസിച്ചിരുന്നു. ജാർഖണ്ഡ് ധൻബാദ് ജില്ലക്കാരനായ ഇദ്ദേഹം ഇന്ത്യൻ ഫോറിൻ സർവീസിലെ 2010 ബാച്ചുകാരനാണ്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്കാണ് തിരിച്ചുപോവുന്നത്.