LiveTV

Live

Saudi Arabia

തടസ്സങ്ങള്‍ നീങ്ങി; 5 മാസം മുന്‍പ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴി തെളിഞ്ഞു

സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ മൃതദേഹം നാട്ടിലെത്തിക്കും

തടസ്സങ്ങള്‍ നീങ്ങി; 5 മാസം മുന്‍പ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴി തെളിഞ്ഞു

സൗദിയിലെ ദമ്മാമില്‍ അഞ്ച് മാസം മുമ്പ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴി തെളിഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് കൊല്ലം ആര്യങ്കാവ് സ്വദേശി അയ്യപ്പ മുത്തുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്. 13 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും അയ്യപ്പ മുത്തുവിന് നാട്ടിലെത്താന്‍ സാധിച്ചിരുന്നില്ല.

നാട്ടിലെ പ്രാരാബ്ദങ്ങള്‍ കാരണം ബാങ്ക് ലോണ്‍ എടുത്താണ് അയ്യപ്പ മുത്തു ദമ്മാമിലെത്തിയത്. ഒരു മാന്‍പവര്‍ കമ്പനി ജീവനക്കാരനായി ജോലി ചെയ്തു വരുന്നതിനിടെ സാമ്പത്തിക പരാതീനതകളാല്‍ സ്ഥാപനം അടച്ചു. ഇതോടെ മുത്തുവിനെ സ്‌പോണ്‍സര്‍ വിവിധ ഇടങ്ങളില്‍ ജോലിക്ക് നിറുത്തിയെങ്കിലും ശമ്പളം ഒന്നും നല്‍കിയില്ല. ഇത് ചോദ്യം ചെയ്ത മുത്തുവിനെ സ്‌പോണ്‍സര്‍ കള്ളകേസില്‍ കുടുക്കി.

നാട്ടിലെ പ്രാരാബ്ദങ്ങളും ബാങ്ക് വായ്പയുടെ തിരിച്ചടവും ബാക്കി നില്‍ക്കെ നാട്ടില്‍ പോകാന്‍ അയ്യപ്പ മുത്തു തയ്യാറായില്ല. കേസ് നിലനില്‍ക്കെ വീണ്ടും തൊഴില്‍ തേടി പ്രവാസത്തില്‍ തുടര്‍ന്നു.

ഒന്‍പത് മാസത്തോളം ആശുപത്രി വെന്റിലേറ്ററില്‍ കിടന്നാണ് അയ്യപ്പ മുത്തു മരിച്ചത്. കേസ് ഒഴിവാകാത്തതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതും നീണ്ടുപോയി. സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ തടസ്സങ്ങള്‍ എല്ലാം ഒഴിവായി ഈ ആഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീകഷിക്കുന്നത്.