LiveTV

Live

Saudi Arabia

തിയറ്ററുകള്‍ ആരംഭിക്കുന്നതിന് ആദ്യ സൗദി കമ്പനിക്ക് ലൈസൻസ് ലഭിച്ചു

രാജ്യത്ത് തിയേറ്ററുകൾ തുടങ്ങാൻ ലൈസൻസ് ലഭിക്കുന്ന ഏഴാമത്തെ കമ്പനിയാണിത്

തിയറ്ററുകള്‍ ആരംഭിക്കുന്നതിന് ആദ്യ സൗദി കമ്പനിക്ക് ലൈസൻസ് ലഭിച്ചു

സൗദി അറേബ്യയിൽ സിനിമ തിയേറ്ററുകൾ ആരംഭിക്കാൻ ആദ്യ സൗദി കമ്പനിക്കു ലൈസൻസ് ലഭിച്ചു. ‘മൂവി സിനിമാസ്’ എന്ന പേരിലായിരിക്കും ഈ കമ്പനി തിയേറ്ററുകൾ ആരംഭിക്കുക. രാജ്യത്ത് തിയേറ്ററുകൾ തുടങ്ങാൻ ലൈസൻസ് ലഭിക്കുന്ന ഏഴാമത്തെ കമ്പനിയാണിത്.

പുതുതലമുറ എന്നർത്ഥം വരുന്ന ‘അൽ ജീലുൽ ഖാദിം’ എന്ന പേരിലുള്ള കമ്പനിക്കാണ് ലൈസൻസ് അനുവദിച്ചത്. മൂവി സിനിമാസ് എന്ന ബ്രാൻഡ് നാമത്തിൽ കമ്പനി തിയേറ്ററുകൾ ആരംഭിക്കും. ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിശ്വൽ മീഡിയ തിയേറ്ററുകൾ തുടങ്ങുന്നതിന് ലൈസൻസ് അനുവദിക്കുന്ന ഏഴാമത്തെ കമ്പനിയാണിത്. സൗദി ഇൻഫോർമേഷൻ മന്ത്രി തുർക്കി അൽ ഷബാന കമ്പനിക്കുള്ള ലൈസൻസ് കൈമാറി.

രാജ്യത്ത് സിനിമ തിയേറ്ററുകൾ ആരംഭിക്കുന്നതിന് സ്വദേശി കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതായി അദ്ദേഹം പറഞ്ഞു. ഈ രംഗത്തു പ്രവർത്തിക്കുന്ന വിദേശ സ്ഥാപനമായ ‘ദി ലൈറ്റ്’ എന്ന സ്ഥാപനവുമായി സഹകരിച്ചു മൂവി സിനിമാസ് സൗദിയിൽ തിയേറ്ററുകൾ തുറക്കും.

ജിദ്ദയിലെ അറേബ്യൻ മാളിലായിരിക്കും കമ്പനി ആരംഭിക്കുന്ന ആദ്യ തിയേറ്റർ. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ ഈ വർഷം 6 തിയേറ്ററുകളിലായി 50 സ്‌ക്രീനുകളൊരുക്കുമെന്നു മൂവി സിനിമാസ് അറിയിച്ചു.