LiveTV

Live

Saudi Arabia

ടെക്‌ മേഖലയില്‍ നിക്ഷേപ ശക്തിയാകാന്‍ സൗദി

സര്‍ക്കാര്‍, വ്യാപാര, വാണിജ്യ, ആരോഗ്യ മേഖലകളിലെ ഡിജിറ്റല്‍ വല്‍ക്കരണങ്ങളിലൂടെ രാജ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്

ടെക്‌ മേഖലയില്‍ നിക്ഷേപ ശക്തിയാകാന്‍ സൗദി

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പുമായി സൗദി അറേബ്യ. സ്മാര്‍ട്ട് ഫോണുകളുടെ നാല്‍പ്പത് ശതമാനം ഭാഗങ്ങളും സൗദിയില്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി മന്ത്രി പറഞ്ഞു. ടെക്‌നോളജി മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാവുകായാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌പെയിനില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ്സ് 2019 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടി നടക്കുന്ന സമ്മേളന ഹാളില്‍ ഉപയോഗിക്കുന്ന 95 ശതമാനം സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തിച്ചുവരുന്ന എ.ആര്‍.എം പ്രൊസസ്സറുകള്‍ പങ്കാളിത്ത വ്യവസ്ഥയില്‍ സൗദി അറേബ്യയില്‍ നിര്‍മ്മിച്ചതാണ്. സോഫ്റ്റ് ബാങ്കിന്റേയും സൗദി വിഷന്‍ ഫണ്ടിന്റേയും ഉടമസ്ഥതയിലുള്ളതാണ് എ.ആര്‍.എം പ്രൊസസ്സര്‍ കമ്പനി.

കൂടാതെ ഫോണ്‍ വ്യവസായത്തിലെ അസംസ്‌കൃത വസ്തുക്കളുടെ 40 ശമാനവും നിര്‍മ്മിക്കുന്നത് സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ അഥവാ സാബികാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെട്രോകെമിക്കല്‍ കമ്പനിയാണ് സാബിക്. ടെക്‌നോളജി മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ശക്തിയാകുവാന്‍ 100 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍, വ്യാപാര, വാണിജ്യ, ആരോഗ്യ മേഖലകളിലെ ഡിജിറ്റല്‍ വല്‍ക്കരണങ്ങളിലൂടെ രാജ്യം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മിനിട്ടുകള്‍ക്കകം വാണിജ്യ ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുവാനും ഒരു ദിവസത്തിനകം തന്നെ ലൈസന്‍സ് കൈപ്പറ്റുവാനും സാധിക്കും വിധം സാങ്കേതികവിദ്യാ രംഗത്ത് രാജ്യം മാറി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.