LiveTV

Live

Saudi Arabia

ഗൾഫ് രാജ്യങ്ങളിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തിൽ വന്‍ കുറവ്

2018ലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ബൈത്ത്.കോം സർവേ ഫലം പ്രസിദ്ധീകരിച്ചത്

ഗൾഫ് രാജ്യങ്ങളിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തിൽ വന്‍ കുറവ്

ഗൾഫ് രാജ്യങ്ങളിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തിൽ കുറവുള്ളതായി സർവേ റിപ്പോർട്ട്. തൊഴിൽ പോർട്ടലായ ബൈത്ത്.കോം പുറത്തുവിട്ട പേ റോൾ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് . ഗൾഫ് രാജ്യങ്ങളിൽ നിന്നു വിദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പള ശരാശരിയിൽ 26 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു

2018ലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ബൈത്ത്.കോം സർവേ ഫലം പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് കുവൈത്തിലെ വിദേശതൊഴിലാളികളുടെ എണ്ണത്തിൽ 27.73% കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. സൗദി അറേബ്യയില്‍ നിന്നാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്കുണ്ടായത്. 34.21 ശതമാനമാണ് സൗദി വിദേശി തൊഴിൽ ശേഷിയിലുണ്ടായ കുറവ്. യു.എ.ഇയിൽ ഇത് 26.74 ശതമാനവും ബഹ്റൈനിൽ 25.18ശതമാനവും ഒമാനിൽ 25.2 ശതമാനവുമാണ്. ഖത്തർ ഒഴികെ ഉള്ള ഗൾഫ് നാടുകളിൽ ഉള്ള തൊഴിലാളികൾക്കിടയിലായിരുന്നു സർവേ. പാശ്ചാത്യർ, അറബികൾ, ഏഷ്യക്കാർ എന്നിങ്ങനെ തൊഴിലാളികളെ വർഗീകരിച്ചാണ് സർവേ നടത്തിയത്.

തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പള ശരാശരിയിൽ സൗദിയാണ് മുന്നിൽ. പ്രതിമാസം 8560 ഡോളറാണ് സൗദി അറേബ്യയിൽ വിദേശ തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി വേതനം. യു.എ.ഇയെ അപേക്ഷിച്ചു 2.9 ശതമാനവും ബഹ്‌റൈനെ അപേക്ഷിച്ചു 8.4 ശതമാനവും കുവൈത്തിനെക്കാൾ 8.96 ശതമാനവും ഒമാനെ അപേക്ഷിച്ചു 8.7 ശതമാനവും കൂടുതാലാണിത്. സൗദിയിൽ എല്ലാ വിഭാഗം തൊഴിലാളികൾക്കും മികച്ച വേതനം ലഭിക്കുന്നു എന്നല്ല ഇത് കൊണ്ട് അർത്ഥമാക്കുന്നതെന്നും ശരാശരിക്കണക്കിൽ സൗദിയാണ് മുന്നിൽ നിൽക്കുന്നതെന്നു മാത്രമാണ് സർവേ ഫലം സൂചിപ്പിക്കുന്നതെന്നും ബൈത്ത്.കോം എംപ്ലോയർ സൊല്യൂഷൻ വൈസ് പ്രസിഡണ്ട് സുഹൈൽ മസ്രി പറഞ്ഞു