LiveTV

Live

Saudi Arabia

ഇന്ത്യയിൽ നടപ്പാക്കിയ പാസ്പോർട്ട് സേവാ പദ്ധതി സൗദി അറേബ്യയിലും നിലവിൽ വന്നു

പുതിയ പാസ്പോർട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമെല്ലാം ഇനി മുതൽ ഓൺലൈൻ അപേക്ഷകൾ നിർബന്ധമാണ്

ഇന്ത്യയിൽ നടപ്പാക്കിയ പാസ്പോർട്ട് സേവാ പദ്ധതി സൗദി അറേബ്യയിലും നിലവിൽ വന്നു

ഇന്ത്യയിൽ നടപ്പാക്കിയ പാസ്പോർട്ട് സേവാ പദ്ധതി സൗദി അറേബ്യയിലും നിലവിൽ വന്നു. പാസ്പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിച്ചാൽ മാത്രമേ ഇനി മുതൽ സേവനം ലഭിക്കൂ. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് പുതിയ സേവനം സൗദി അറേബ്യയിലും ആരംഭിക്കുന്നത്.

സൗദിയിലെ ഇന്ത്യൻ പ്രവാസികൾ പാസ്പോർട്ട് സേവനങ്ങൾക്കു എംബസിക്കും കോൺസുലേറ്റിനും കീഴിലുള്ള വി.എഫ്.എസ് സെന്ററുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുകയായിരുന്നു ഇതുവരെയുണ്ടായിരുന്ന പതിവ്. പുതിയ പാസ്പോർട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമെല്ലാം ഇനി മുതൽ ഓൺലൈൻ അപേക്ഷകൾ നിർബന്ധമാണ്.

ഇതിനു ആദ്യമായി പാസ്പോർട്ട് സേവയുടെ വെബ്സൈറ്റ് സന്ദർശിക്കണം. ഇതിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി യൂസർ ഐഡിയും പാസ് വേര്‍ഡും നേടിയിരിക്കണം. ഇവ ഉപയോഗിച്ച് പാസ്പോര്‍ട്ട് സംബന്ധമായ മുഴുവൻ സേവനങ്ങൾക്കും എപ്പോൾ വേണമെങ്കിലും ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

അപേക്ഷയുടെ പ്രിന്‍റൌട്ട് എടുത്ത് ഫോട്ടോ പതിച്ച്‌ ആവശ്യമായ രേഖകളും ഫീസും സഹിതം വി.എഫ്.എസ് സെന്ററുകളിൽ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഈ വർഷം മുതൽ ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും നടപ്പാക്കുന്നത്.

ഗൾഫ് മേഖലയിൽ സൗദി അറേബ്യയിലാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലും ഉടൻ നിലവിൽ വരും. പുതിയ സംവിധാനം സംബന്ധിച്ച മാർഗനിർദേശങ്ങൾ റിയാദ് ഇന്ത്യൻ എംബസി, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ്.