LiveTV

Live

Saudi Arabia

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പൊതു ഗതാഗത സംവിധാനം പരിഷ്‌കരിക്കും 

പുതുതായി നടപ്പിലാക്കുന്ന ജി.സി.സി റെയില്‍വെ പദ്ധതി കിഴക്കന്‍ പ്രവിശ്യയിലെ മൂന്ന് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും ധാരണയായി.

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പൊതു ഗതാഗത സംവിധാനം പരിഷ്‌കരിക്കും 

സൗദി കിഴക്കന്‍ പ്രവിശ്യയിലെ പൊതു ഗതാഗത സംവിധാനം പരിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലെ പഴയ ബസുകള്‍ പിന്‍വലിച്ച് പകരം പുതിയ ബസുകള്‍ ഉടന്‍ നിരത്തിലിറക്കും. പുതുതായി നടപ്പിലാക്കുന്ന ജി.സി.സി റെയില്‍വെ പദ്ധതി കിഴക്കന്‍ പ്രവിശ്യയിലെ മൂന്ന് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും ധാരണയായി.

രാജ്യത്തെ പൊതു ഗതാഗത സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായണ് പുതിയ നടപടി. കിഴക്കന്‍ പ്രവിശ്യയില്‍ പൊതു ഗതാഗത സംവിധാനത്തിന് കീഴിലുള്ള മുഴുവന്‍ ബസുകളും ഉടന്‍ പിന്‍വലിക്കും. പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി.

ഇതിനാവശ്യമായ പുതിയ ബസുകള്‍ എത്തിയതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയും റെയില്‍വെ അതോറിറ്റിയുടെയും ചുമതല വഹിക്കുന്ന ഡോക്ടര്‍ റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയ ബസുകളായിരിക്കും പുതിയവയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പദ്ധതി നടപ്പിലാക്കി വരികയാണ്. യാത്രക്കാര്‍ക്ക് ന്യായമായ ചിലവില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു. ജി.സി.സി ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയിലെ റെയില്‍വെ ഗതാഗതവും വികസിപ്പിക്കും. ദമ്മാമിനെ ജുബൈല്‍, റാസല്‍ ഖൈര്‍ തുടങ്ങിയ നഗരങ്ങളുമായും റെയില്‍വെ വഴി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.