LiveTV

Live

Saudi Arabia

ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി നല്‍കി സൗദി തൊഴിൽ മന്ത്രാലയം

ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി നല്‍കി സൗദി തൊഴിൽ മന്ത്രാലയം

ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഗാർഹിക ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റാനാകുമെന്ന് സൗദി തൊഴിൽ സാമൂഹ്യ സേവന മന്ത്രാലയം. ശമ്പളം ലഭിക്കാതിരിക്കുന്നതടക്കമുള്ള സമയങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാം. ഗാർഹിക വിസയിലുള്ളവർക്ക് സ്പോൺസർഷിപ്പ് മാറ്റാവുന്ന കാരണങ്ങളും മന്ത്രാലയം വിശദീകരിച്ചു.

തൊഴിലുടമ മൂന്ന് മാസം തുടർച്ചയായോ അല്ലെങ്കിൽ ഇടവിട്ട മാസങ്ങളായോ മൂന്ന് മാസത്തെ വേതനം നൽകാതിരിക്കുക, ഗാർഹിക വിസയിൽ എത്തുമ്പോൾ പ്രവേശന കവാടങ്ങളിലോ, അഭയ കേന്ദ്രത്തിലോ എത്തിയ ശേഷം15 ദിവസമായിട്ടും തൊഴിലുടമ സ്വീകരിക്കാൻ എത്താതിരിക്കുക എന്നീ സാഹചര്യങ്ങളുണ്ടായാല്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാം.

നിശ്ചിത സമയത്തിനകം ഇഖാമ നൽകാതിരിക്കുകയോ, പുതുക്കാതിരിക്കുകയോ ചെയ്യുക, സ്പോൺസർഷിപ്പിലല്ലാതെ സുഹൃത്തുക്കളുടെയും മറ്റും വീടുകളിൽ ജോലി ചെയ്യിപ്പിച്ച് വേതനം പറ്റുക, ആരോഗ്യത്തിന് ഭീഷണിയായ ജോലി ചെയ്യിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും തൊഴിലാളിക്ക് സേവനത്തില്‍ നിന്ന് പിന്മാറാം,

മോശമായി പെരുമാറുക, തൊഴിലുടമക്കെതിരെ നൽകിയ കേസ് അകാരണമായി നീണ്ടു പോകുക, അന്യായമായി ഹുറൂബ് പരാതി നൽകുക, യാത്ര, ജയിൽ, മരണം തുടങ്ങിയ കാരണങ്ങളാൽ മൂന്ന് മാസത്തെ ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥ സംജാതമാകുക തുടങ്ങിയവയാണ് മറ്റുള്ള കാരണങ്ങളായി പരിഗണിക്കുക.