LiveTV

Live

Saudi Arabia

ഹജ്ജ് ക്വാട്ടയിൽ വർധന; കാൽലക്ഷം പേർക്ക് കൂടി ഇത്തവണ ഹജ്ജിന് പോകാം

ഹജ്ജ് ക്വാട്ടയിൽ വർധന; കാൽലക്ഷം പേർക്ക് കൂടി ഇത്തവണ ഹജ്ജിന് പോകാം

ഹജ്ജ് ക്വാട്ടയിൽ വർധനവുണ്ടാവുമെന്ന പ്രഖ്യാപനത്തോടെ കാൽലക്ഷം പേർക്കാണ് ഇന്ത്യയിൽ നിന്ന് ഇത്തവണ മക്കയിലും മദീനയിലും എത്താനാവുക. നേരത്തെ ഒന്നേമുക്കാൽ ലക്ഷം പേർക്കായിരുന്നു അവസരം. ഇത്തവണ കൂടുതൽ പേർക്ക് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു .

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയുണ്ടായ പ്രഖ്യാപനം ഹജ്ജിന് അവസരം കാത്തിരിക്കുന്ന വിശ്വാസികൾക്ക് സന്തോഷം പകരുന്നതാണ്. കോഴിക്കോട് നിന്നടക്കം ഇത്തവണ 21 ഹജ്ജ് എംബാർക്കേഷൻ പോയിൻറുകളാണ് ഉണ്ടാവുക. എംബാർക്കേഷൻ പോയിൻറുകളിൽ നിന്ന് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കാനായിട്ടില്ല.

കപ്പൽ മാർഗം ഇന്ത്യൻ ഹാജിമാരെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2020 ൽ ഇത് സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഹജ്ജ് മിഷൻ കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.

അധികമായെത്തുന്നവരുടെ താമസം, യാത്ര ഉൾപെടെയുള്ള സൗകര്യങ്ങൾ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കണം. മൂന്ന് ലക്ഷം പേരാണ് ഈ വർഷം ഇന്ത്യയിൽ നിന്ന് ഹജ്ജിന് അപേക്ഷ സമർപ്പിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയും സൗദിയും തമ്മിൽ 2019 ലെ ഹജ്ജ് കരാർ ഒപ്പുവെച്ചത്. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യക്ക് ആനുപാതികമായി ക്വാട്ട വർധിപ്പിച്ചു തരണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.