LiveTV

Live

Saudi Arabia

സൗദിവത്ക്കരണം ഉയരും; അഞ്ച് വിഭാഗം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം പരിഷ്‌കരിച്ചു

സൗദിവത്ക്കരണം ഉയരും; അഞ്ച് വിഭാഗം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം പരിഷ്‌കരിച്ചു

സൗദിയില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ സാമ്പത്തിക സഹായപദ്ധതി പരിഷ്‌കരിച്ചു. അഞ്ച് വിഭാഗം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. മാനവശേഷി വികസന നിധിയില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നേരത്തെ നിലവിലുള്ളതാണ്. കൂടുതല്‍ ആനുകൂല്യങ്ങളുള്‍പ്പെടുത്തി അഞ്ച് വിഭാഗം സ്ഥാപനങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ പദ്ധതി. പുതിയ രീതിയനുസരിച്ച് തൊഴില്‍ നൈപുണ്ണ്യ വര്‍ദ്ധന പരിപാടി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും. ബിരുദധാരികളും തൊഴില്‍ രഹിതരുമായ യുവതീ യുവാക്കള്‍, സ്ത്രീകള്‍, അംഗവൈകല്യം പോലുള്ള പ്രത്യേക പരിഗണന ലഭിക്കേണ്ട വ്യക്തികള്‍, ചെറിയ പട്ടണങ്ങളിലോ, ഗ്രാമങ്ങളിലോ പ്രവര്‍ത്തിക്കുന്ന 50 ല്‍ താഴെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കുന്നവര്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. പദ്ധതിയുടെ ആദ്യ വര്‍ഷം മാസം തോറുമുളള ശമ്പളത്തിന്റെ 30 ശതമാനവും, തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലും യഥാക്രമം 20, 10 ശതമാനം വീതവുമാണ് സഹായധനം ലഭിക്കുക. സ്വദേശി ഗുണഭോക്കാക്കളുടെ പ്രതിമാസ ശമ്പളത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ അധിക സഹായവും ലഭിക്കും. 4000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെയാണ് നിയമിക്കപ്പെടുന്നവരുടെ വേതനം. പദ്ധതിപ്രകാരം പിന്തുണയുടെ 70 ശതമാനം തൊഴിലിനും 30 ശതമാനം തൊഴില്‍ പരിശീലനത്തിനുമാണ്.