LiveTV

Live

Saudi Arabia

യു.എസ് - ചൈന കമ്പനികളുമായി ചേര്‍ന്ന് സൗദി അരാംകോ പുതിയ റിഫൈനറി സ്ഥാപിക്കുന്നു

ജുബൈല്‍ വ്യവസായിക നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഓയില്‍ റിഫൈനറിയായ സറ്റേര്‍പ്പിന്റെ ഭാഗമായാണ് പുതിയ പദ്ധതി

യു.എസ് - ചൈന കമ്പനികളുമായി ചേര്‍ന്ന് സൗദി അരാംകോ പുതിയ റിഫൈനറി സ്ഥാപിക്കുന്നു

യു.എസ് - ചൈന കമ്പനികളുമായി ചേര്‍ന്ന് സൗദി അരാംകോ പുതിയ റിഫൈനറി സ്ഥാപിക്കുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ സിറ്റിയായ ജുബൈല്‍ ആസ്ഥാനമായാണ് പുതിയ റിഫൈനറി. ദിനം പ്രതി നാലര ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനമാണ് ലക്ഷ്യം. ചൈനയുമായി യു.എസ് വ്യാപര യുദ്ധത്തിനിടെയാണ് ഇരു രാജ്യങ്ങളിലെ കമ്പനികളുടെ സംയുക്ത പദ്ധതി.

ജുബൈല്‍ വ്യവസായിക നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഓയില്‍ റിഫൈനറിയായ സറ്റേര്‍പ്പിന്റെ ഭാഗമായാണ് പുതിയ പദ്ധതി. സൗദി അരാംകോയും ഫ്രാന്‍സ് ആസ്ഥാനമായ ടോട്ടലും ചേര്‍ന്നാണ് സറ്റോര്‍പ്പ് പ്രോജക്ട് നടത്തി വരുന്നത്. ഇതിന്റെ വിപുലീകരണം ലക്ഷ്യമിട്ടാണിത്. ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.ബി.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ചൈന കമ്പനിയായ ചൈനാസ് വിസണും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുക.

സറ്റോര്‍പ്പ് പ്രോജക്ടിന്റെ നിലവിലെ സബ്‌കോണ്‍ട്രാക്ടറാണ് ചൈനാസ് വിസണ്‍. ദിനേന നാല് ലക്ഷത്തി നാല്‍പ്പതിനായിരം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനമാണ് ഇത് വഴി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഓഗസ്‌റ്റോടെ ഇതിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതോടെ ജുബൈല്‍ ആസ്ഥാനമായി ഈ വര്‍ഷം പ്രഖ്യാപിച്ച വമ്പന്‍ പദ്ധതികളില്‍ മൂന്നാമത്തേതാണ് ഇത്. ചൈനയുമായി യു.എസ് വ്യാപര യുദ്ധത്തിനിടെയാണ് ഇരു രാജ്യങ്ങളിലെ കമ്പനികളുടെ സംയുക്ത പദ്ധതി എന്നതും കൌതുകമാണ്.