LiveTV

Live

Saudi Arabia

അഴിമതി വിരുദ്ധ നടപടിയില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയും സൗദി 

ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരേയും ക്രിമിനല്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരേയും കോടതിക്ക് കൈമാറി

അഴിമതി വിരുദ്ധ നടപടിയില്‍  പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയും സൗദി 

അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി സൌദിയില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയും നടപടികള്‍ അവസാനിപ്പിച്ചു. ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരേയും ക്രിമിനല്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരേയും കോടതിക്ക് കൈമാറി. പണമായി മാത്രം നൂറ്റിയേഴ് ബില്യണ്‍ ഡോളറാണ് ഇവരില്‍ നിന്ന് ഈടാക്കിയത്.

സൌദിയിലെ റോയല്‍ കോര്‍ട്ടാണ് വാര്‍ത്താ കുറിപ്പിലൂടെ വിവരങ്ങള്‍ അറിയിച്ചത്. 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടി ഇതോടെ അവസാനിച്ചു. രാജകുടുംബം, മന്ത്രിമാര്‍, വ്യവസായികള്‍ എന്നിങ്ങിനെ 300ലേറെ പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പലരെയും തെളിവെടുപ്പിന് ശേഷം വിട്ടയച്ചു. അവശേഷിച്ചത് ഇരുന്നൂറോളം പേര്‍. 87 പേര്‍ കുറ്റം സമ്മതിച്ചു. ഒത്തു തീര്‍പ്പിനായി പിഴയും വസ്തുവകകളും ഭരണകൂടത്തിന് നല്‍കി.

ഇവരില്‍ നിന്ന് പണമായി മാത്രം ശേഖരിച്ചത് 107 ബില്യണ്‍ ഡോളര്‍. ബക്കിയുള്ളവ കമ്പനി ഓഹരികളായും വസ്തുവകകളായും സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ഇനി കസ്റ്റഡിയില്‍ ബാക്കിയുള്ളത് 64 പേരാണ്. ഇതില്‍ എട്ടു പേര്‍ ഒത്തു തീര്‍പ്പിന് സന്നദ്ധമല്ല. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ബാക്കിയുള്ള 56 പേരുടെ കേസുകള്‍‌ ക്രിമിനല്‍ വകുപ്പ് ഉള്‍പ്പെടുന്നതാണ്. ഇവ കോടതിക്ക് കൈമാറി വിവിധ വകുപ്പുകള്‍ക്ക് കൈമാറും. ഇതോടെ ഭരണാധികാരികള്‍ നേരിട്ട് ഇടപെട്ട ഒരു വര്‍ഷത്തിലേറെ നീണ്ട നടപടി ക്രമങ്ങളാണ് അവസാനിക്കുന്നത്.