അഴിമതി വിരുദ്ധ നടപടി; പിടികൂടിയവരില്‍ എട്ട് പേരെ കൂടി സൗദി വിട്ടയച്ചു
അഴിമതിക്കേസ് പ്രതികളുമായുണ്ടാക്കുന്ന ഒത്തുതീർപ്പ് ധാരണകളിലൂടെ 40,000 കോടി റിയാലാണ് ഖജനാവില്‍ തിരിച്ചെത്തുന്നത്

അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി സൗദി അറേബ്യ അറസ്റ്റ് ചെയ്ത എട്ടുപേരെ കൂടി വിട്ടയച്ചതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഴിമതിയിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം ഈടാക്കിയാണ് പ്രതികളെ വിട്ടയച്ചത്. കഴിഞ്ഞയാഴ്ച നാലു പേരെയും വിട്ടയച്ചിരുന്നു. ഇനി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കസ്റ്റഡിയില്‍.
2017 നവംബർ നാലിനാണ് അഴിമതി വിരുദ്ധ നടപടിക്ക് സൗദി അറേബ്യ തുടക്കം കുറിച്ചത്. സൗദി രാജാവിന്റേയും കിരിടാവകാശിയുടെയും നേതൃത്വത്തിലായിരുന്നു നടപടി. അഴിമതിയും വെട്ടിപ്പും നടത്തി രാജ്യത്തിന് നഷ്ടമുണ്ടാക്കിയവരില്‍ നിന്ന് ആ തുക ഈടാക്കിയാണ് പിന്നീട് വിട്ടയച്ചത്. കസ്റ്റഡിയിലായ മുന്നൂറോളം പേരില്‍ നിരപരാധികളെന്ന് കണ്ടവരെ ഉടന്‍ വിട്ടയച്ചു. ബാക്കിയുള്ളവരെ നഷ്ടം ഈടാക്കിയുമാണ് വിട്ടയച്ചത്. റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു പിടിയിലാവരെ പാര്‍പ്പിച്ചത്. പതിനാലു മാസത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം എത്യോപ്യന്‍ വംശജനായ കോടീശ്വരന് മുഹമ്മദ് ഹുസൈന് അല്‍ ആമൂദിയും മോചിതനായി.
അഴിമതിക്കേസ് പ്രതികളുമായുണ്ടാക്കുന്ന ഒത്തുതീർപ്പ് ധാരണകളിലൂടെ 40,000 കോടി റിയാലാണ് ഖജനാവില്‍ തിരിച്ചെത്തുന്നത്. പണവും വസ്തുവകകളും കമ്പനി ഓഹരികളുമാണ് ഇതോടെ രാജ്യത്തിന് ലഭിച്ചത്. രാജ്യത്തെ ഭരണ സംവിധാനം സുതാര്യമാക്കാനുള്ള നടപടിക്ക് കിരീടാവകാശിക്ക് വന്‍ പിന്തുണ ലഭിച്ചിരുന്നു. വന്‍കിട വ്യവസായ പ്രമുഖരില്‍ ധാരണയിലെത്താത്തവര് ഇനിയും തടവില്‍ കഴിയേണ്ടി വരും.