ദമ്മാമില്‍ എണ്ണൂറിലേറെ നിയമലംഘകര്‍ പിടിയില്‍
താമസ രേഖ പുതുക്കാത്തവര്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍, സ്വദേശിവത്കരിച്ച ജോലി ചെയ്തവര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി 825 പേര് പിടിയിലായി

സൗദിയിലെ ദമ്മാമില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എണ്ണൂറിലേറെ നിയമലംഘകര്‍ പിടിയില്‍. ദമ്മാം നഗരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കും പിഴ വീണു.
താമസ രേഖ പുതുക്കാത്തവര്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍, സ്വദേശിവത്കരിച്ച ജോലി ചെയ്തവര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി 825 പേര് പിടിയിലായി. നഗരത്തിലെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നഗരസഭയുടെ അനുമതി പത്രം പുതുക്കാത്തവര്, വനിതകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ കടകളില്‍ പുരുഷ ജീവനക്കാരെ ജോലിക്ക് നിര്‍ത്തിയ സ്ഥാപനങ്ങള്‍, നിര്‍ദ്ദേശിക്കപ്പെട്ട ശൂചീകരണം ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍, കലോറി ബോഡുകള്‍ സ്ഥാപിക്കാത്ത ഭക്ഷണ ശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. താമസ കെട്ടിടങ്ങളിലും മറ്റും അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന ഗോഡൗണുകള്‍, കച്ചവട സ്ഥാപനങ്ങള്‍, റുമുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൈലറിംഗ് യൂണിറ്റുകള്‍ എന്നിവയും പിടിയിലായവയില്‍ ഉള്‍പ്പെടും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്.