LiveTV

Live

Saudi Arabia

സൗദിയുടെ വ്യവസായ വികസന ചരിത്രത്തിലെ പുതിയ അധ്യായത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കമിടും

പുതിയ അഞ്ച് വിമാനത്താവളങ്ങൾ, 2000 റെയിൽവേ എന്നിവ വികസന പദ്ധതിയുടെ ഭാഗമായിരിക്കും

സൗദിയുടെ വ്യവസായ വികസന ചരിത്രത്തിലെ പുതിയ അധ്യായത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കമിടും

സൗദി വ്യവസായ വികസന ചരിത്രത്തിലെ പുതിയ അധ്യായത്തിന്‍റെ പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്‌ച നടത്തും. സൗദി വിഷൻ 2030ന്‍റെ ഭാഗമായി അടുത്ത പത്ത് വർഷത്തിനുള്ളിൽ നടപ്പാക്കുന്ന വ്യവസായ വികസനമാണ് കിരീടാവകാശി പ്രഖ്യാപിക്കുക.

1.6 ട്രില്യൻ റിയാലിന്റെ പദ്ധതിയുടെ തുടക്കം എന്ന നിലക്ക് 100 ബില്യൻ റിയാലിന്റെ കരാറുകൾ തിങ്കളാഴ്ച ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊർജ്ജം, മിനറൽ, വ്യവസായം, ലോജിസ്റ്റിക്‌സ് എന്നീ മേഖലയിലാണ് 70 ബില്യൻ റിയാൽ പദ്ധതികളെന്ന് ഊർജ്ജ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഗതാഗത രംഗത്ത് 50 ബില്യൻ റിയാൽ പദ്ധതി നടപ്പാക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഗതാഗത മന്ത്രി ഡോ. നബീൽ അൽ ആമൂദി വ്യക്തമാക്കി.

പുതിയ അഞ്ച് വിമാനത്താവളങ്ങൾ, 2000 റെയിൽവേ എന്നിവ വികസന പദ്ധതിയുടെ ഭാഗമായിരിക്കും. സൗദി വിഷൻ 2030 ലക്ഷ്യമാക്കുന്ന, പെട്രോളിതര വരുമാനം വർധിപ്പിക്കുക, സ്വദേശിവത്കരണം ഊർജ്ജിതമാക്കുക എന്നതും വ്യവസായ വികസനത്തിൻറെ ലക്ഷ്യമാണ്. ചെറുകിട പദ്ധതികൾക്കും വികസനത്തിൽ അർഹമായ അവസരം അനുവദിക്കും. അതോടൊപ്പം സ്വദേശ, വിദേശ നിക്ഷേപകരെ ആകർഷിക്കാനും പദ്ധതിയിട്ടുണ്ട്. വിദേശ പ്രതിനിധികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ പദ്ധതി പ്രഖ്യാപന പരിപാടിയിൽ പെങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.