LiveTV

Live

Saudi Arabia

ജിദ്ദയിൽ കൂടുതൽ സിനിമാ തിയേറ്ററുകൾ വരുന്നു

അടുത്ത 5 വർഷങ്ങൾക്കുള്ളിൽ സൗദിയിൽ 600 തിയേറ്ററുകൾ നിർമിക്കുമെന്ന് വോക്‌സ് സിനിമാസ് പ്രഖ്യാപിച്ചിരുന്നു

ജിദ്ദയിൽ കൂടുതൽ സിനിമാ തിയേറ്ററുകൾ വരുന്നു

റെഡ് സീ മാളിന് പിറകെ ജിദ്ദയിൽ കൂടുതൽ സിനിമാ തിയേറ്ററുകൾ വരുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ 65 സ്‌ക്രീനുകളാണ് നഗരത്തിൽ ഒരുക്കുന്നത്. തിയേറ്ററുകളുടെ തിരിച്ചു വരവിനെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും.

ജിദ്ദയിലെ ആദ്യ സിനിമ തിയേറ്റർ റെഡ് സീ മാളിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഇതിനു പിന്നാലെ കൂടുതൽ തിയേറ്ററുകൾ നഗരത്തിലെ വിവിധ മാളുകളില്‍ വരും. ജനറൽ അതോരിറ്റി ഫോർ ഓഡിയോ വിഷ്വല്‍ മീഡിയ മക്ക മേധാവി ഹംസ അൽ ഗുബൈശിയാണ് ഇക്കാര്യമറിയിച്ചത്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ 65 സ്‌ക്രീനുകളാണ് ലക്ഷ്യം.

27 എണ്ണവുമായി അൽ അന്തലുസ് മാളിലായിരിക്കും ഏറ്റവും കൂടുതൽ സ്ക്രീനുകൾ. സ്റ്റാർ അവന്യൂ മാളിൽ 9 സ്‌ക്രീനുകള്‍. അബ്ഹൂർ മാളിൽ 11ഉം അൽ മസ്‌റ മാളിൽ 6ഉം സ്ക്രീനുകൾ അടുത്ത വർഷമുണ്ടാകും. റെഡ് സീ മാളിൽ ഒരുക്കിയ 12 സ്‌ക്രീനുകളും ഉദ്ഘാടന ദിവസം മുതൽ പ്രവർത്തനം ആരംഭിക്കും. വിഷൻ 2030ന്‍റെ ഭാഗമായി ജിദ്ദയിൽ 102 സ്‌ക്രീനുകളും തായിഫിൽ 7 സ്‌ക്രീനുകളും നിലവിൽ വരും. യു.എ.ഇ കമ്പനിയായ വോക്‌സ് സിനിമാസാണ് ജിദ്ദയിൽ തിയേറ്ററുകൾ ഒരുക്കുന്നത്. അടുത്ത 5 വർഷങ്ങൾക്കുള്ളിൽ സൗദിയിൽ 600 തിയേറ്ററുകൾ നിർമിക്കുമെന്ന് വോക്‌സ് സിനിമാസ് പ്രഖ്യാപിച്ചിരുന്നു.