സൗദിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന് അപ്പീല്‍ കോടതി ശിക്ഷ ഇരട്ടിയാക്കി
വിഷ്ണു ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ ഗൌരവം കുറക്കുന്നതാണ് ആദ്യ വിധിയെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ കോടതി ശിക്ഷ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്
സൗദിയില്‍ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ശിക്ഷിച്ച മലയാളി യുവാവിന്റെ ശിക്ഷ അപ്പീല്‍ കോടതി ഇരട്ടിയാക്കി. പുതുക്കിയ വിധിയില്‍ 10 വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദിക്കെതിരെയും പ്രവാചകനെതിരെയുമായിരുന്നു പരാമര്‍ശം. ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്നത്.
അഞ്ച് മാസം മുമ്പാണ് വിഷ്ണു ദേവിന് കിഴക്കന്‍ പ്രവിശ്യ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. വിഷ്ണുദേവ് യൂറോപ്യകാരിയായ ഒരു വനിതയുമായി ട്വിറ്റര്‍ വഴി നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആസ്പദമായത്. പ്രവാചകന് മുഹമ്മദ് നബിയെയും ഇസ്ലാമിനെതിരെയും, സൌദിക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.
വിഷ്ണു ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ ഗൌരവം കുറക്കുന്നതാണ് ആദ്യ വിധിയെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ കോടതി ശിക്ഷ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്തു വരുന്നതിനിടെയാണ് വിഷണു പിടിയിലായത്. ആദ്യ ശിക്ഷാ വിധിക്ക് ശേഷം നാട്ടില്‍ നിന്നും ബന്ധുക്കള്‍ എംബസി മുഖേന ശിക്ഷയിളവിന് വേണ്ടി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിധി കൂടി വരുന്നത്.