LiveTV

Live

Saudi Arabia

മെര്‍ക്കുറി മലിനീകരണം തടയുന്നതിനായുള്ള അന്താരാഷ്ട്ര കരാറിന്റെ ഭാഗമാവാന്‍ സൗദി

അന്താരാഷ്ട്ര കസ്റ്റംസ് സഹകരണത്തിന്റെ ഭാഗമായി വിവിധ ലോക രാഷ്ട്രങ്ങളുമായി ധാരണയിലെത്താനും സൗദി തീരുമാനിച്ചു

മെര്‍ക്കുറി മലിനീകരണം തടയുന്നതിനായുള്ള അന്താരാഷ്ട്ര കരാറിന്റെ ഭാഗമാവാന്‍ സൗദി

മെര്‍ക്കുറി കാരണമുണ്ടാകുന്ന മലിനീകരണം തടയാനുള്ള അന്താരാഷ്ട്ര കരാറിൽ ഒപ്പുവെക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. അന്താരാഷ്ട്ര കസ്റ്റംസ് സഹകരണ കരാറിലും രാജ്യം ഭാഗമാകും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

മെർകുറിയുടെ പരിസ്ഥിതി സുരക്ഷയുമായി ബന്ധപ്പെട്ട് ജപ്പാനില്‍ വെച്ച് വിവിധ രാജ്യങ്ങള്‍ ഒപ്പു വെച്ച കരാറാണ് മിനാമത്ത. 128 രാജ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇതിലാണ് സൗദിയും പങ്ക് ചേരാന്‍ തീരുമാനിച്ചത്. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 2013 ജപ്പാനിൽ രൂപപ്പെട്ട കരാര്‍ 2017ലാണ് പ്രാബല്യത്തിലായത്.

സൗദി ശൂറാ കൗൺസിൽ രണ്ട് മാസം മുമ്പ് തീരുമാനത്തിന് ശിപാർശ സമർപ്പിച്ചിരുന്നു. അന്താരാഷ്ട്ര കസ്റ്റംസ് സഹകരണത്തിന്റെ ഭാഗമായി വിവിധ ലോക രാഷ്ട്രങ്ങളുമായി ധാരണയിലെത്താനും മന്ത്രിസഭ തീരുമാനിച്ചു. ധനകാര്യ മന്ത്രിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ഇക്കാര്യത്തിൽ വിവിധ രാഷ്ട്രങ്ങളുമായി ചർച്ച നടത്തും. വാണിജ്യ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളുമായി കസ്റ്റംസ് സഹകരണം ശക്തമാക്കുന്നത്.