LiveTV

Live

Saudi Arabia

വ്യവസായ മേഖലയില്‍ വന്‍കിട പദ്ധതികളുമായി സൗദി

എണ്ണേതര വരുമാനം വര്‍ധിപ്പിക്കല്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്

വ്യവസായ മേഖലയില്‍ വന്‍കിട പദ്ധതികളുമായി സൗദി

വ്യവസായ മേഖലയിലെ കുതിപ്പും കയറ്റുമതി വര്‍ധനവും ലക്ഷ്യം വെച്ചുള്ള വന്‍കിട പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിക്കുന്നു. നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി. ഈ മാസം 28ന് പദ്ധതിക്ക് കിരീടാവകാശി തുടക്കം കുറിക്കും. പതിനാറ് ലക്ഷം ജോലികള്‍ ഇതു വഴി സൃഷ്ടിക്കും.

ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതി എന്നാണ് പദ്ധതിയുടെ പേര്. വിഷന്‍ 2030 യാഥാര്‍ഥ്യമാക്കാനുള്ള 12 പ്രോഗ്രാമുകളില്‍ ഒന്നാണിത്. എണ്ണേതര വരുമാനം വര്‍ധിപ്പിക്കല്‍ ഇതിന്റെ പ്രധാന ലക്ഷ്യമാണ്. ഊര്‍ജ, വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് പദ്ധതിയുടെ ചെയര്‍മാന്‍.

വ്യവസായം, ഖനനം, ഊര്‍ജം, ചരക്ക് നീക്കം എന്നീ മേഖലകളാണ് പദ്ധതിയില്‍ പെടുക. 2030 ഓടെ 1.6 ട്രില്യണ്‍ പുതിയ നിക്ഷേപം ഈ മേഖലയിലെത്തിക്കും. ഇതു വഴി എണ്ണേതര വരുമാനവും രാജ്യ വികസനവുമാണ് ലക്ഷ്യമിടുന്നത്. പതിനാറ് ലക്ഷം ജോലി ഇത് വഴി സൃഷ്ടിക്കാമെന്നാണ് കണക്ക് കൂട്ടല്‍.‌

സൗദിയുടെ കയറ്റുമതിയുടെ സിംഹഭാഗവും എണ്ണയാണ്. 2030 ഓടെ കയറ്റുമതിയില്‍ എണ്ണേതര ഉത്പന്നങ്ങള്‍ അമ്പത് ശതമാനമാക്കും. ഇരുന്നൂറോളം ജീവനക്കാരാണ് പദ്ധതിക്കായി സേവനം ചെയ്യുന്നു. 2017ല്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ഔദ്യോഗിക തുടക്കം കുറിക്കുകയാണ്. ഈ മാസം 28ന് റിയാദ് റിറ്റ്സ് കാള്‍ട്ടണാണ് വേദി. ക്ഷണിക്കപ്പെട്ട നിക്ഷേപകരും മാധ്യമങ്ങളും പരിപാടിയില്‍ സംബന്ധിക്കും. സൗദി കിരീടാവകാശിയുടെ നേതൃത്വത്തിലാണ് പരിപാടി. ആഗോള സമ്മേളനത്തിലേക്ക് മീഡിയവണിനും ക്ഷണമുണ്ട്.