LiveTV

Live

Saudi Arabia

സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി സൗദി വർധിപ്പിച്ചു

 സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി സൗദി വർധിപ്പിച്ചു

സൗദി തൊഴിൽ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി വർധിപ്പിച്ചു. നേരത്തെ ഒരു വര്‍ഷമാക്കി കുറച്ച തീരുമാനം റദ്ദാക്കിയാണ് തീരുമാനം. പുതിയ നീക്കം തൊഴില്‍ വിപണിക്ക് ഗുണമാകും.

വിസ കാലാവധി രണ്ട് വർഷമാക്കുന്നതിലൂടെ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വിസ, റിക്രൂട്ടിങ് നടപടികളില്‍ ഗുണമുണ്ടാക്കും. കൂടാതെ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കലും കാലാവധി നീട്ടി നൽകുന്നതിന്റെ ലക്ഷ്യമാണ്. മന്ത്രാലയം അനുവദിച്ച വിസയിൽ കൂടുതൽ സാവകാശമെടുത്ത് ആവശ്യമെങ്കിൽ മാത്രം വിദേശ റിക്രൂട്ടിങ് നടത്താം. ഒപ്പം അനുയോജ്യരായ സ്വദേശികളെ കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഇതാണ് തൊഴിൽ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

കാലാവധി നീട്ടി നൽകുന്നതിന് മന്ത്രാലയം അധിക ഫീസ് ഈടാക്കില്ല. പുതുതായി ഇഷ്യു ചെയ്യുന്ന വിസകൾക്ക് മാത്രമാണ് പുതിയ കാലാവധി പ്രാബല്യത്തിലുണ്ടാവുക.

മുമ്പെടുത്ത് ഉപയോഗിക്കാതിരുന്ന വിസ കാൻസൽ ചെയ്ത് രണ്ട് വർഷ കാലാവധിയിൽ വീണ്ടും എടുക്കാനാവുമെന്ന് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ വിശദീകരിച്ചു. വിശദാംശങ്ങൾ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ (www.mlds.gov.sa) പ്രസിദ്ധീകരിച്ചിട്ടുണ്ട്.