LiveTV

Live

Saudi Arabia

കിംഗ് ഫെെസല്‍ അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

കിംഗ് ഫെെസല്‍ അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

സൗദി സർക്കാർ നൽകിവരുന്ന ‘കിംഗ് ഫൈസൽ അന്താരാഷ്‌ട്ര ഇസ്‍‍ലാമിക് അവാർഡു’കൾ ഇന്ന് പ്രഖ്യാപിക്കും. റിയാദിൽ നടക്കുന്ന ചടങ്ങിൽ മക്ക ഗവർണര്‍ അമീർ ഖാലിദ് അൽ ഫൈസലാണ് അവാർഡുകൾ പ്രഖ്യാപിക്കുക. ആഗോളാടിസ്ഥാനത്തില്‍ ഇസ്‍‍ലാമിക പ്രവര്‍ത്തന മേഖലകളില്‍ മികച്ച സേവനമനുഷ്ഠിക്കുന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണ് കിംഗ് ഫൈസല്‍ അന്താരാഷ്‌ട്ര അവാര്‍ഡ്.

റിയാദിലെ ഫൈസലിയ ഹോട്ടലിൽ അമീർ സുൽത്താൻ ഹാളിൽ വെച്ചായിരിക്കും 41മത് കിംഗ് ഫൈസൽ അന്താരാഷ്‌ട്ര ഇസ്ലാമിക് അവാർഡ് പ്രഖ്യാപനം. സാംസ്കാരിക നായകർ, പണ്ഡിതന്മാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ഇസ്‍‍ലാമിക സേവനം, ഇസ്‍‍ലാമിക പഠനങ്ങൾ, അറബി ഭാഷ സാഹിത്യം, വൈദ്യശാസ്ത്രം, പൊതുശാസ്‌ത്രം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് അവാർഡുകൾ. വ്യക്തിപരമായോ മറ്റു സംഘടനാപരമായോ പാർട്ടിപരമായോ ആരെയും അവാർഡിനായി നാമനിർദേശം ചെയ്യാൻ അനുവാദമില്ല.

യൂണിവേഴ്‌സിറ്റികൾ, ശാസ്ത്ര-സാങ്കേതിക-ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങൾ നാമനിർദേശം ചെയ്ത വ്യക്തികളിൽ നിന്നായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക. ലോകപ്രശസ്ത പണ്ഡിതരും ശാസ്ത്രജ്ഞരുമടങ്ങുന്നതാണ് ജൂറി. ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗങ്ങൾ ഇന്നലെയും ഇന്നും നാളെയുമായി റിയാദിൽ നടക്കുകയാണ്. 1975ല്‍ അന്തരിച്ച സൗദി രാഷ്ട്ര ശില്‍പികളിലൊരാളായ അമീർ ഫൈസലിന്റെ പേരിലുള്ള കിംഗ് ഫൈസല്‍ ഫൌണ്ടേഷനാണ് 1979 മുതൽ എല്ലാ വർഷവും അവാര്‍ഡ് നല്‍കി വരുന്നത്.

ഇസ്ലാമിക സേവനത്തിനുള്ള പ്രഥമ അവാർഡ് ജമാഅത്തെ ഇസ്‌ലാമി നേതാവ് അബുൽ അഅലാ മൗദൂദിക്കായിരുന്നു. രണ്ടാം വർഷം അബുൽ ഹസൻ അലി നദ്‌വിക്കും. ഡോ. സാക്കിർ നായിക് ആയിരുന്നു ഈ ഇനത്തിൽ 2015 ലെ അവാർഡ് ജേതാവ്. 7.5 ലക്ഷം സൗദി റിയാലും 25 പവൻ തൂക്കം വരുന്ന സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് കിംഗ് ഫൈസല്‍ അവാര്‍ഡ്.