LiveTV

Live

Saudi Arabia

‘ലെവി സംഖ്യയില്‍ വര്‍ധനവ്, ആരോഗ്യ സ്ഥാപനങ്ങളില്‍ സൗദിവത്കരണം’; നേരത്തെ പ്രഖ്യാപിച്ച നിയമങ്ങള്‍ ഇന്നു മുതല്‍ സൗദിയില്‍  പ്രാബല്യത്തില്‍

‘ലെവി സംഖ്യയില്‍ വര്‍ധനവ്, ആരോഗ്യ സ്ഥാപനങ്ങളില്‍ സൗദിവത്കരണം’; നേരത്തെ പ്രഖ്യാപിച്ച  നിയമങ്ങള്‍  ഇന്നു മുതല്‍ സൗദിയില്‍  പ്രാബല്യത്തില്‍

പുതുവര്‍ഷം പിറക്കുന്നതോടെ നേരത്തെ പ്രഖ്യാപിച്ച വിവിധ നിയമങ്ങള്‍ സൗദിയില്‍ ഇന്നു മുതല്‍ പ്രാബല്യത്തിലായി. പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി നിരക്കില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ആരോഗ്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ പദ്ധതികള്‍ക്കും തുടക്കമായി.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനാണ് സൗദിയില്‍ വാറ്റ്, പെട്രോള്‍ നിരക്ക് വര്‍ധന എന്നിവ പ്രാബല്യത്തിലായത്. പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച ഒരു വര്‍ഷമാണ് വിടവാങ്ങിയതും. നിലവില്‍ പ്രാബല്യത്തിലുള്ള ലെവി നിരക്ക് ഇന്ന് മുതല്‍ മാറി. സൗദികളേക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍‌ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി സംഖ്യ അടക്കേണ്ടത്. സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാര്‍ കൂടുതലാണെങ്കില്‍ ഒരു വിദേശിക്ക് അഞ്ഞൂറ് റിയാല്‍ അടച്ചാല്‍ മതി. ജൂലായ് മുതല്‍ ആശ്രിത ലെവിയിലും നൂറ് റിയാല്‍ വര്‍ധനവുണ്ട്. ലെവി പുനപരിശോധന കമ്മിറ്റിയുടെ തീരുമാനം ഈ മാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഹോട്ടലുകളില്‍ കലോറി പട്ടിക പ്രദര്‍ശിപ്പിക്കലും ഇന്ന് മുതല്‍ പ്രാബല്യത്തിലാണ്. ആരോഗ്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തിനും തുടക്കമാവുകയാണ്. സ്വകാര്യ കമ്പനികളിലെ എല്ലാ സ്വദേശികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നതും പ്രാബല്യത്തിലായി. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് ജനുവരി ഏഴിനാണ് തുടക്കം. മെഡിക്കൽ ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്സ്, കാർപെറ്റ്സ്, ബേക്കറി എന്നീ മേഖലകളിലാണ് മൂന്നാംഘട്ട സൗദിവത്കരണം.