LiveTV

Live

Saudi Arabia

വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിച്ച് സൗദി 

സൗദികളേക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍‌ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി സംഖ്യ അടക്കേണ്ടത്

വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി വര്‍ദ്ധിപ്പിച്ച് സൗദി 

വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ജനുവരി ഒന്നുമുതല്‍ വര്‍ധിക്കും. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം സ്വദേശി-വിദേശി അനുപാതത്തിന് വിധേയമായാണ് വര്‍ധന. ഇതിനിടെ, ലെവി സംബന്ധിച്ച പുനപരിശോധന റിപ്പോര്‍ട്ടില്‍ അടുത്ത മാസം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

സൌദികളേക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍‌ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി സംഖ്യ അടക്കേണ്ടത്. സ്ഥാപനങ്ങളില്‍ സൌദി ജീവനക്കാര്‍ കൂടുതലാണെങ്കില്‍ ഒരു വിദേശിക്ക് അഞ്ഞൂറ് റിയാല്‍ അടച്ചാല്‍ മതി. അടുത്ത വര്‍ഷവും ഇതേ അനുപാതത്തില്‍ വര്‍ധനവുണ്ടാകും. വിദേശി ജീവനക്കാര്‍ക്കൊപ്പം ഇവരുടെ ആശ്രിതര്‍ക്കും ലെവിയടക്കണം. 2017 ജൂലൈ ഒന്നു മുതലാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍വന്നത്. ആശ്രിതര്‍ക്ക് മാസത്തില്‍ 100 റിയാലായിരുന്നു അന്ന് ലെവി സംഖ്യ. ഈ വര്‍ഷം ഇരുന്നൂറായിരുന്നു. ജനുവരി ഒന്നുമുതല്‍ ഇത് മുന്നൂറാകും.

വിദേശികൾക്ക് മേൽ നിർബന്ധ ബാധ്യതയായ ലെവി പുന:പരിശോധനയിൽ പഠനം നടക്കുകയാണെന്ന് സൗദി വാണിജ്യ-നിക്ഷേപ മന്ത്രി ഡോ: മാജിദ് അൽ ഖസബി പറഞ്ഞിരുന്നു. അടുത്ത മാസം ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. പുനപരിശോധന നടക്കുന്ന കാര്യം ബ്ലൂം ബര്‍ഗാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത്. ഇത് നേരത്തെ വാര്‍ത്താ വിതരണ മന്ത്രാലയം നിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് വാണിജ്യ നിക്ഷേപ മന്ത്രി പുനപരിശോധനാ വാര്‍ത്ത സ്ഥിരീകരിച്ചത്.