LiveTV

Live

Saudi Arabia

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ കൊടും തണുപ്പനുഭവപ്പെടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

 സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ കൊടും തണുപ്പനുഭവപ്പെടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അടുത്ത നാല് ദിവസങ്ങളിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ കൊടും തണുപ്പനുഭവപ്പെടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഹൈറേഞ്ച് ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രി വരെ താഴാനാണ് സാധ്യത. ആവശ്യമായ മുന്നൊരുക്കങ്ങൾ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്ന് മുതൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ അതിശൈത്യം അനുഭവപ്പെടുമെന്നാണ് രാജ്യത്തെ കാലാവസ്ഥ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് തിങ്കളാഴ്ച വരെ നീണ്ടു നിൽക്കും. തബൂക്ക് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുക. ഇവിടങ്ങളിലെ ഹൈറേഞ്ചുകളിലും താഴ്വരകളിലും താപനില പൂജ്യം ഡിഗ്രി വരെ താഴ്ന്നേക്കും. ഹായിൽ, അൽ ജൗഫ്, അൽ ഖസീം തുടങ്ങിയ സ്ഥലങ്ങളിലും കൊടും തണുപ്പനുഭവപ്പെടും. ഇവിടങ്ങളിൽ കനത്ത മഞ്ഞു വീഴ്ചക്കും സാധ്യതയുണ്ട്. തണുപ്പിനെ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും വേണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിയാദിലും പരിസരപ്രദേശങ്ങളിലും നിലവിൽ 12 ഡിഗ്രിയാണ് താപനില. ഇത് നാളെ മുതല്‍ 6 ഡിഗ്രി വരെയെത്തും. ദമ്മാമിൽ കൂടിയത് 21 ഡിഗ്രിയും കുറഞ്ഞത് 12 ഡിഗ്രിയുമാണ് താപനില. ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ നിലവിൽ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.