LiveTV

Live

Saudi Arabia

ജനക്ഷേമ പദ്ധതികളുമായി സൗദിയുടെ പുതിയ ബജറ്റിന് മന്ത്രിസഭ അംഗീകാരം

ജനക്ഷേമ പദ്ധതികളുമായി സൗദിയുടെ പുതിയ ബജറ്റിന് മന്ത്രിസഭ അംഗീകാരം

സൗദി അറേബ്യയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്. സാമ്പത്തിക പ്രതിസന്ധി സൗദി അറേബ്യ മറികടക്കുന്നുവെന്ന സൂചന നല്‍കുന്ന ബജറ്റില്‍ പ്രതീക്ഷിച്ചതിലും നൂറ്റി പന്ത്രണ്ട് ബില്യണ്‍ റിയാലിന്റെ വരവുണ്ട്. ജനക്ഷേമ പദ്ധതികളാണ് ബജറ്റില്‍ കൂടുതലും.

സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ബജറ്റ് അംഗീകരിച്ചത്. പ്രധാന ബജറ്റ് വിവരങ്ങള്‍ ഇവയാണ്. 975 ബില്യണ്‍ റിയാല്‍ വരവും 1,106 ബില്യണ്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് അടുത്ത വര്‍ഷത്തേക്കുള്ള കമ്മി ബജറ്റ്. ചരിത്രത്തിലാദ്യമായാണ് സൗദിയുടെ ബജറ്റ് ചെലവ് ട്രില്യന്‍ റിയാലിന് മുകളില്‍ കടക്കുന്നത്. പൗരന്മാരുടെ പുരോഗതിയും സംതൃപ്തിയും തൊഴിലവസരവും മുന്നില്‍കണ്ടുള്ള ബജറ്റിനാണ് മന്ത്രിസഭ അംഗീകാരം നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. കിരീടാവാകാശി പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ ബജറ്റ് സ്വദേശികളുടെ സാമ്പത്തിക ഭാരം കുറക്കുമെന്നും രാജാവ് പ്രഖ്യാപിച്ചു. നിര്‍മാണ മേഖല, ഹൗസിങ് പദ്ധതികള്‍, ടൂറിസം, സാംസ്കാരിക വിനോദം എന്നിവക്ക് ബജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. സ്വകാര്യവത്കരണം, സര്‍ക്കാര്‍ ചെലവ് നിയന്ത്രിക്കല്‍, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍, സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കല്‍ എന്നിവയാണ് കമ്മി നികത്താനുള്ള മുഖ്യ മാര്‍ഗങ്ങള്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പരിപാടികള്‍ ബജറ്റ് തയ്യാറാക്കുന്നതില്‍ പരിഗണിച്ചിട്ടുണ്ട്.