LiveTV

Live

Saudi Arabia

ജിദ്ദ ഇന്ത്യൻ സ്‌കൂൾ കെട്ടിടം തിരിച്ചുകിട്ടിയത് തൽക്കാലത്തേക്കു മാത്രം

സ്‌കൂൾ കെട്ടിടം നിലനിർത്തുന്നതിനു സ്ഥിരം കരാർ ഉണ്ടാക്കണമെന്നു ആവശ്യം. അതിനിടെ സ്‌കൂളിൽ നിന്നും മാറ്റിയ സാധനങ്ങൾ തിരിച്ചെത്തിക്കുന്ന നടപടികൾ തുടരുകയാണ്

ജിദ്ദ ഇന്ത്യൻ സ്‌കൂൾ കെട്ടിടം തിരിച്ചുകിട്ടിയത് തൽക്കാലത്തേക്കു മാത്രം

ജിദ്ദ ഇന്ത്യൻ സ്‌കൂൾ കെട്ടിടം തിരിച്ചുകിട്ടിയത് തൽക്കാലത്തേക്കു മാത്രം. കെട്ടിട ഉടമയുമായുണ്ടാക്കിയ പുതിയ കരാറിന്റെ കാലാവധി അടുത്ത ജൂലൈ വരെ. സ്‌കൂൾ കെട്ടിടം നിലനിർത്തുന്നതിനു സ്ഥിരം കരാർ ഉണ്ടാക്കണമെന്നു ആവശ്യം. അതിനിടെ സ്‌കൂളിൽ നിന്നും മാറ്റിയ സാധനങ്ങൾ തിരിച്ചെത്തിക്കുന്ന നടപടികൾ തുടരുകയാണ്. മുടങ്ങിയ ക്ലാസുകള്‍ ഭാഗികമായി ഞായറാഴ്ച പുനരാരംഭിക്കും.

കോൺസുലേറ്റ് ഉദ്യോഗസ്ഥരും കെട്ടിട ഉടമയായ ഉമര്‍ സെയ്ദ് ബല്‍കറാമുമായി രണ്ടു ദിവസം നടത്തിയ മാരത്തോൺ ചർച്ചക്കൊടുവിലായിരുന്നു കെട്ടിടം തൽക്കാലത്തേക്ക് തിരിച്ചു കിട്ടിയത്. കരാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കേവലം 10 മാസക്കാലം മാത്രമേ നിലവിൽ അംഗീകരിച്ച കരാറനുസരിച്ചു കെട്ടിടം സ്‌കൂളിന് ലഭ്യമാവൂ എന്നാണറിയുന്നത്. കഴിഞ്ഞ രണ്ടു മാസത്തെ കുടിശിക അടക്കം ഒരു വർഷത്തെ വാടക 12 മില്ല്യൺ റിയാൽ ഉടമക്ക് നൽകണം. നേരത്തെ ഉടമ ആവശ്യപ്പെട്ട തുകയേക്കാൾ കുറവാണിത്. ഇതിൽ പകുതി സംഖ്യ അടച്ചു കഴിഞ്ഞു. ബാക്കി പകുതി അടുത്ത മാർച്ചോടെ അടച്ചു തീർക്കുകയും വേണം. പ്രശ്നത്തിന് താൽക്കാലിക പരിഹാരാമായെങ്കിലും സ്‌കൂൾ കെട്ടിടം ശാശ്വതമായി നിലനിർത്തുന്നതിനുള്ള നടപടികൾ ഉടൻ നടപ്പാക്കണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുമുയരുന്നുണ്ട്.

ഒരാഴ്ചയായി മുടങ്ങിയ ക്ലാസുകൾ അടുത്ത ഞായറാഴ്ചയോടെ ഭാഗികമായി പുനരാരംഭിക്കും. സ്‌കൂളിൽ നിന്നും മാറ്റിയ ഫർണീച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അടിയന്തിരമായി തിരിച്ചു കൊണ്ടുവരുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ സ്‌കൂൾ പൂർവ സ്ഥിതിയിലാവാൻ ഇനിയും സമയമെടുത്തേക്കും. ഇതിനായി ഭീമമായ സംഖ്യ ചിലവഴിക്കേണ്ടതുമുണ്ട്. അധിക സാമ്പത്തിക ബാധ്യത കണ്ടെത്താൻ സ്‌കൂൾ ഫീസ് വലിയ തോതിൽ വർദ്ധിപ്പിക്കുമോ എന്നതാണ് രക്ഷിതാക്കളുടെ ആശങ്ക.