LiveTV

Live

Saudi Arabia

സൗദിയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; പ്രവാസികള്‍ മുള്‍മുനയില്‍

റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശികളെ മാത്രം നിയമിക്കും. സ്വദേശിവത്കരണം നടപ്പാക്കിയ ടെലികമ്യൂണിക്കേഷന്‍, മൊബൈല്‍ മേഖലയിലെ സ്വദേശിവത്കരണം വ്യാപക പരിശോധനയോടെ നടപ്പാക്കും.

സൗദിയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; പ്രവാസികള്‍ മുള്‍മുനയില്‍

സൌദി അറേബ്യയില്‍ കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം എന്നീ മേഖലയിലാണ് പുതുതായി സ്വദേശിവത്കരണം ശക്തമാക്കുക. സര്‍ക്കാര്‍ മേഖലയിലെ സ്വദേശികളുടെ എണ്ണം കുത്തനെ കുറക്കാനും തീരുമാനിച്ചു.

നേരത്തെ മാറ്റി വെച്ച മേഖലകളിലാണ് സൌദിവത്കരണം പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ പൂര്‍ണമായും സ്വദേശിവത്കരണം നടത്തും. ഇതിന്‍റെ വിശദമായ പട്ടിക ഉടന്‍ പുറത്ത് വിടും. ഇതിന് പുറമെ ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് എന്നീ മേഖലയും സ്വദേശിവത്കണത്തിന് വിധേയമാകും. സര്‍ക്കാര്‍ മേഖലയില്‍ നിലവിലുള്ള വിദേശികളുടെ എണ്ണം കുത്തനെ കുറക്കും. തന്ത്രപ്രധാന പോസ്റ്റുകളിലും മികച്ച ശമ്പളമുള്ള ജോലികളിലും സ്വദേശിവത്കരണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കും.

നിലവില്‍ സ്വദേശിവത്കരണം നടപ്പാക്കിയ ടെലികമ്യൂണിക്കേഷന്‍, മൊബൈല്‍ മേഖലയിലെ സ്വദേശിവത്കരണം വ്യാപക പരിശോധനയോടെ നടപ്പാക്കും. വനിതാ പ്രാതിനിധ്യം തൊഴില്‍ മേഖലയില്‍ കുത്തനെ കൂട്ടാനും തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. ഇതിനായി ജോലിക്കാരായ സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള ഗതാഗത മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കും. വനിതാ ജോലിക്കാരുടെ കുട്ടികള്‍ക്ക് ആവശ്യമായ ബേബി സിറ്റിങ്, നഴ്സറി സംവിധാനം എന്നിവയും കാര്യക്ഷമമാക്കും. സ്വദേശികളുടെ സ്വതന്ത്ര ജോലിക്കും പാര്‍ട്ട് ടൈം ജോലിക്കും പ്രോത്സാഹനം നല്‍കല്‍, തൊഴില്‍ സമിതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവയും 68 ഇന പരിപാടിയുടെ ഭാഗമാണ്. തൊഴില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.