LiveTV

Live

Saudi Arabia

മദീനയിലെ ഖുബാ പള്ളി മുഴുവന്‍ സമയവും തുറക്കാന്‍ സൗദി രാജാവിന്റെ നിര്‍ദേശം

പ്രവാചകന്‍റെ നേതൃത്വത്തില്‍ പണിത പള്ളിയാണ് മസ്ജിദുല്‍ ഖുബ. പ്രവാചകന്‍ ആദ്യമായി പണിത പള്ളി എന്ന പ്രത്യേകതയും ഖുബാ മസ്ജിദിനുണ്ട്

 മദീനയിലെ ഖുബാ പള്ളി മുഴുവന്‍ സമയവും തുറക്കാന്‍  സൗദി രാജാവിന്റെ നിര്‍ദേശം

മദീനയിലെ ഖുബാ പള്ളി മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ സൗദി രാജാവിന്റെ നിര്‍ദേശം. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ രാജാവിന്‍റെ നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് മദീന ഗവര്‍ണ്ണര്‍ അറിയിച്ചു. മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ഏറെ ആശ്വാസകരമാകും പുതിയമാറ്റം.

മദീനയിലെ മസ്ജിദുനബവിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് മസ്ജിദുല്‍ ഖുബ സ്ഥിതി ചെയ്യുന്നത്. മക്കയില്‍ നിന്ന് പാലായനം ചെയ്ത് മദീനയിലെത്തിയ പ്രവാചകനും അനുചരന്‍ അബുബക്കര്‍ സിദ്ദീഖും ഖുബാ എന്ന ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. പ്രവാചകന്‍റെ നേതൃത്വത്തില്‍ അവിടെ പണിത പള്ളിയാണ് മസ്ജിദുല്‍ ഖുബ. പ്രവാചകന്‍ ആദ്യമായി പണിത പള്ളി എന്ന പ്രത്യേകതയും ഖുബാ മസ്ജിദിനുണ്ട്. ഖുബായില്‍ നമസ്കരിക്കുന്നയാള്‍ക്ക് ഉംറ ചെയ്ത പ്രതിഫലമുണ്ടെന്നാണ് ഇസ്ലാമികാധ്യാപനം.

മദീനയിലെത്തുന്ന വിശ്വാസികള്‍ ഇവിടെയെത്തി നമസ്കരിക്കാറുണ്ട്. എന്നാല്‍ നിശ്ചിത സമയങ്ങളില്‍ മാത്രമേ ഇത് സാധ്യമാകാറുള്ളൂ. കഴി‍ഞ്ഞ ദിവസം സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഖുബാ മസ്ജിദിലെത്തിയിരുന്നു. ഖുബാ മസ്ജിദ് മുഴുസമയവും വിശ്വാസികള്‍ക്കായി തുറന്നിടുന്നതിനെ കുറിച്ച് പഠനം നടത്തണമെന്ന് രാജാവ് നിര്‍ദേശം നല്‍കി. പുത്രനും മദീന ഗവര്‍ണ്ണറുമായ ഫൈസല്‍ ബിനു സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.

വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ബന്ധപ്പെട്ട് രാജാവിന്‍റെ നിര്‍ദ്ധേശം പെട്ടെന്ന് തന്നെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ധേഹം അറിയിച്ചു. റബിഉല്‍ അവ്വല്‍ 1 അഥവാ നവംബര്‍ 9 മുതല്‍ ഇത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മദീന ഗവര്‍ണ്ണര്‍ പറഞ്ഞു.