LiveTV

Live

Saudi Arabia

റെൻറ്-എ-കാർ സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം വിജയകരമെന്ന് സൌദി

മാനവവിഭവ ശേഷി ഫണ്ടിന് കീഴിലെ ‘ഹദഫി’ന് കീഴിൽ ഇൗ രംഗത്ത് ജോലി ആഗ്രഹിക്കുന്നവർക്കായി സൗജന്യ പരിശീലന കോഴ്സുകൾ ഒരുക്കിയിരുന്നു

റെൻറ്-എ-കാർ സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം വിജയകരമെന്ന് സൌദി

സൌദിയില്‍ റെൻറ്-എ-കാർ സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം വിജയകരമെന്ന് തൊഴില്‍ മന്ത്രാലയം. ഇരുപതിനായിരത്തോളം വരുന്ന സ്ഥാപനങ്ങളില്‍ തൊണ്ണൂറ് ശതമാനവും ചട്ടങ്ങള്‍ പാലിച്ചു. നിയമം ലംഘിച്ചവര്‍ക്ക് പിഴയും ശിക്ഷയും ഈടാക്കുന്നുണ്ട്.

സൗദി അറേബ്യയിൽ റെൻറ്-എ-കാർ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് തുടക്കമായത് ഈ വര്‍ഷം മാര്‍ച്ചിലാണ്. അഞ്ചു തസ്തികകളാണ് സമ്പൂര്‍ണ സ്വദേശി വത്കരണത്തിന് വിധേയമായത്. അക്കൗണ്ടിങ്, സൂപ്പർവൈസർ, സെയിൽസ് ആൻറ് ഡെലിവറി എന്നീ ജോലികൾ സ്വദേശിവത്കരണത്തിൽ ഉൾപ്പെടും. ഇത് പാലിച്ചോയെന്ന് പരിശോധിക്കാന്‍ മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്.

രാജ്യത്തൊട്ടാകെ ഇരുപതിനായിരത്തിലേറെ വരും റെന്റ്-എ-കാര്‍ സ്ഥാപനങ്ങള്‍. ഇതില്‍ 18870 സ്ഥാപനങ്ങള്‍ സ്വദേശിവത്കരണം പാലിച്ചു. ചിലത് അടച്ചു പൂട്ടി. ഇനി സ്വദേശിവത്കരണം പാലിക്കാനുള്ളത് എഴുന്നൂറോളം സ്ഥാപനങ്ങളാണ്. ജീവനക്കാരുടെ കുറവ് ഇവിടെയുണ്ട്.

മാനവവിഭവ ശേഷി ഫണ്ടിന് കീഴിലെ 'ഹദഫി'ന് കീഴിൽ ഇൗ രംഗത്ത് ജോലി ആഗ്രഹിക്കുന്നവർക്കായി സൗജന്യ പരിശീലന കോഴ്സുകൾ ഒരുക്കിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി കസ്റ്റമർ സർവീസ്, കമ്യൂണിക്കേഷൻ, ഡെലിവറി രീതി, ഡാറ്റാ എന്‍ട്രി എന്നീ മേഖലയില്‍ നിരവധി പേര്‍ നിയമിതരായി. അറുന്നൂറോളം സ്ഥാപനങ്ങള്‍ക്ക് ഇതിനകം പിഴ ഈടാക്കിയിട്ടുണ്ട്. മൊബൈല്‍, ജ്വല്ലറി മേഖലയിലെ സ്വദേശിവത്കരണത്തിനൊപ്പം ഈ മേഖല കൂടി സ്വദേശികള്‍ക്ക് വഴിമാറിക്കഴിഞ്ഞു.