LiveTV

Live

Saudi Arabia

വനിതകള്‍ക്ക് വാഹന ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുന്നതിന് എതിരെ മുന്നറിയിപ്പുമായി സൗദി

വനിതകള്‍ക്ക് വാഹന ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുന്നതിന് എതിരെ മുന്നറിയിപ്പുമായി സൗദി

വനിതാ ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ വനിതകള്‍ക്ക് വാഹന ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി സൗദി. വനിതകളുടെ വാഹന ഡ്രൈവിങിലൂടെ അപകടം കൂടുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍.

വനിതാ ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തിലാണ് കമ്പനികളുടെ നീക്കമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ വാഹന ഇന്‍ഷൂറന്‍സ് സംഖ്യ വര്‍ധിപ്പിക്കാനാണ് നീക്കം. വനിതകള്‍ കൂടുതല്‍ അപകടം വരുത്തുമെന്ന മുന്‍ധാരണ വെച്ചാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയ സംഖ്യ വര്‍ധിപ്പിക്കാന്‍ നീക്കം തുടങ്ങിയത്. ഈ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടല്‍.

സൗദിയില്‍ പുതുതായി നിരത്തിലിറങ്ങുന്ന വനിതകള്‍ പരിചയം കുറഞ്ഞവരാണെന്നും അതിനാല്‍ അപകട സാധ്യത കൂടുതലാണെന്നുമായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനികളുടെ ന്യായം. ഇതില്‍ 18നും 21നുമിടക്ക് പ്രായമുള്ള യുവതികള്‍ കൂടുതല്‍ അപകടം വരുത്താന്‍ സാധ്യതയുണ്ടെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നു. ഇന്‍ഷൂറന്‍സ് കമ്പനികളെക്കുറിച്ച് പരാതി ബോധിപ്പിക്കാന്‍ കമ്പനികളുടെ മേല്‍നോട്ടം കൂടി വഹിക്കുന്ന സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഇലക്ട്രോണിക് സംവിധാനം ഒരുക്കിയിട്ടുണ്ട്.