Top

ആഴ്ചയിൽ സമ്പാദ്യം 1.20 കോടി, സോഷ്യൽ മീഡിയയിൽ ഇല്ല, താമസം ഹോസ്റ്റലിൽ; വ്യത്യസ്തനാണ് റോഡ്രി

തന്റെ പ്രായത്തിലുള്ള സിംഹഭാഗം ചെറുപ്പക്കാർക്കും സ്വപ്‌നം കാണാൻ പോലും കഴിയാത്തത്ര വലിയ തുകയാണ് സമ്പാദിക്കുന്നതെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി താരമായ റോഡ്രി മറ്റാരെയും പോലെയല്ല.

MediaOne Logo

  • Updated:

    2021-03-06 11:35:11.0

Published:

6 March 2021 11:35 AM GMT

ആഴ്ചയിൽ സമ്പാദ്യം 1.20 കോടി, സോഷ്യൽ മീഡിയയിൽ ഇല്ല, താമസം  ഹോസ്റ്റലിൽ; വ്യത്യസ്തനാണ് റോഡ്രി
X

ഫുട്‌ബോൾ ലോകത്തെ സമ്പന്നമായ ക്ലബ്ബുകളിൽ മുൻനിരയിലാണ് അറബ് ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ സ്ഥാനം. മികച്ച കളിക്കാർക്കു വേണ്ടി പണം വാരിയെറിയാൻ മടിയില്ലാത്ത ക്ലബ്ബിന്റെ പ്രധാന താരമാണ് റോഡ്രി എന്ന സ്പാനിഷ് മിഡ്ഫീൽഡർ. അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് 2019-ൽ ഇംഗ്ലീഷ് ക്ലബ്ബിലെത്തിയ റോഡ്രിക്ക് ആഴ്ചയിൽ 120,000 ബ്രിട്ടീഷ് പൗണ്ടാണ് (1.20 കോടി രൂപ) ആണ് സിറ്റി പ്രതിഫലം നൽകുന്നത്.

തന്റെ പ്രായത്തിലുള്ള സിംഹഭാഗം ചെറുപ്പക്കാർക്കും സ്വപ്‌നം കാണാൻ പോലും കഴിയാത്തത്ര വലിയ തുകയാണ് സമ്പാദിക്കുന്നതെങ്കിലും 24-കാരനായ റോഡ്രി മറ്റാരെയും പോലെയല്ല. റോഡ്രിഗോ ഹെർണാണ്ടസ് കസ്‌കന്തെ എന്ന് മുഴുവൻ പേരുള്ള റോഡ്രിക്ക് സ്വന്തമായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലുമില്ല. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ മുറിയില്‍ കൂട്ടുകാര്‍ക്കൊപ്പമാണ് താരത്തിന്റെ താമസം. ഒരു പഴയ സെക്കന്റ് ഹാൻഡ് കാറായിരുന്നു ഈയടുത്തു വരെ ഉപയോഗിച്ചിരുന്നത്.

റോഡ്രി ഓണ്‍ലൈന്‍ പഠനത്തിനിടെ

പഠനമാണ് ഇവന്റെ മെയിന്‍

ഫുട്‌ബോളിൽ കോടികൾ സമ്പാദിക്കുന്ന കരിയറുണ്ടാക്കിയെങ്കിലും പഠനം വഴിയിലുപേക്ഷിക്കാൻ റോഡ്രി തയ്യാറായിട്ടില്ല. താരത്തിന്റെ ഹോസ്റ്റൽ വാസത്തിനു പിന്നിലെ രഹസ്യം അതാണ്. മുമ്പ് സ്പാനിഷ് ക്ലബ്ബ് വിയ്യാ റയലിൽ പഠിക്കുമ്പോൾ ആരംഭിച്ച ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ആന്റ് മാനേജ്‌മെന്റ് പഠനമാണ് താരം ഇപ്പോഴും തുടരുന്നത്.

'ഭാവിയിൽ ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ, ഞാനിപ്പോൾ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ആന്റ് മാനേജ്‌മെന്റ് പഠിക്കുകയാണ്. ഡിഗ്രി പൂർത്തിയാക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ചാലഞ്ച്. ഭാവിയിൽ ഏതെങ്കിലും വിധത്തിൽ ഇത് ഉപകാരപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. കളിക്കാരൻ എന്ന നിലയ്ക്കുള്ള കരിയർ അവസാനിച്ചാലും സ്‌പോർട്‌സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ ഡിഗ്രി അപ്പോൾ ഉപകാരപ്പെട്ടേക്കാം.'
റോഡ്രി, മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോളർ

ഡ്രൈവിങ് ലൈസൻസ് എടുത്തയുടനെ റോഡ്രി ഒരു വൃദ്ധയിൽ നിന്ന് ഒരു ഓപൽ കോർസ കാർ വാങ്ങിയിരുന്നു. സഹപാഠികൾ അത്ഭുതം കൂറിയപ്പോൾ, ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ ഇത് ധാരാളം എന്നായിരുന്നു താരത്തിന്റെ മറുപടി. ഒടുവിൽ, പഴയ കാറുപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന കാരണം പറഞ്ഞ് ക്ലബ്ബ് അധികൃതർ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം പുതിയതൊന്ന് വാങ്ങിയത്.

കോവിഡ് കാരണം ഫുട്‌ബോൾ മത്സരങ്ങൾ തടസ്സപ്പെട്ടപ്പോൾ താരം പഠനത്തിന്റെ തിരക്കിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. സോഷ്യൽ മീഡിയ ഉപയോഗമില്ലാത്തതിനാൽ മൊബൈൽ - ഗാഡ്ജറ്റ് വിനോദങ്ങളൊന്നും താരത്തിന്റെ സമയം അപഹരിക്കുന്നില്ല.

ഹോസ്റ്റൽ റൂമിൽ പാചകത്തിനിടെ റോഡ്രി

അതേസമയം, കുടുംബത്തിന്റെ കാര്യത്തിൽ റോഡ്രി ബദ്ധശ്രദ്ധനാണ്. പഠനവും കളിയും കഴിഞ്ഞ് ഒഴിവ് കിട്ടുമ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താരത്തിന് താൽപര്യം. ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി റോഡ്രിയെ പിതാവ് അമേരിക്കയിലേക്ക് അയച്ചിരുന്നു. പ്രൊഫഷണൽ കളിക്കാരനായിരിക്കുമ്പോഴും പഠനത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാൻ താരത്തെ സഹായിക്കുന്നതും കുടുംബം തന്നെയെന്ന് സുഹൃത്ത് വലന്റിൻ ഹെനറെയോ പറയുന്നു.

1999-ൽ ജനിച്ച റോഡ്രി സ്‌പെയിൻ ദേശീയ താരം കൂടിയാണ്. അണ്ടർ 16, അണ്ടർ 19, അണ്ടർ 21 ടീമുകളിലും രാജ്യത്തിനു വേണ്ടി ബൂട്ടണിഞ്ഞ താരം ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലാണ് തിളങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി 60 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം നാല് ഗോളും നേടിയിട്ടുണ്ട്.

TAGS :

Next Story