Top

'കഴക്കൂട്ടത്ത് 4506 കളളവോട്ട്'; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് നീക്കം. ആസൂത്രിതമായാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയതെന്ന് രമേശ് ചെന്നിത്തല

MediaOne Logo

  • Published:

    17 March 2021 6:00 AM GMT

  • Updated:

    2021-03-17 06:00:47.0

കഴക്കൂട്ടത്ത് 4506 കളളവോട്ട്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല
X

വോട്ടർ പട്ടികയിൽ വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വിലാസത്തിൽ ഒരാൾക്ക് ഒന്നിലധികം സ്ഥലങ്ങളിൽ നിരവധി വോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് ഒരാൾക്ക് 5 തിരിച്ചറിയൽ കാർഡ് വരെയുണ്ട്. കഴക്കൂട്ടത്ത് 4506ഉം കൊല്ലത്ത് 2534ഉം കള്ളവോട്ടും ചേര്‍ത്തെന്ന് ചെന്നിത്തല ആരോപിച്ചു. തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണമെന്നും ചെന്നിത്തല പറഞ്ഞു.

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് നീക്കം. ആസൂത്രിതമായാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നത്. സംസ്ഥാന തലത്തിൽ ഗൂഢാലോചന നടന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ക്രമക്കേട്. തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് പരാതി നൽകും. സമഗ്രമായ അന്വേഷണം നടത്തണം. കള്ളവോട്ട് കണ്ടെത്തി നീക്കം ചെയ്യണം. തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

"2021 ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഓരോ മണ്ഡലത്തിലും വ്യാപകമായ കള്ളവോട്ട് ചേര്‍ത്തിരിക്കുകയാണ്.

വോട്ടേഴ്സ് ലിസ്റ്റില്‍ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേര്‍ത്തിരിക്കുകയാണ്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെ ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി വോട്ടേഴ്സ് ഐ.ഡി കാര്‍ഡും നല്‍കിയിരിക്കുകയാണ്.

ഉദാഹരണത്തിന് കാസര്‍ക്കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ കാര്യം നോക്കുക. ഇവരുടെ പേര് കുമാരി. വയസ്സ് 61. ഭര്‍ത്താവിന്റെ പേര് രവീന്ദ്രന്‍. വീട്ടുനമ്പരായി കാണിച്ചിട്ടുള്ളത് സുരേഷ് വിലാസം എന്നാണ്. ഈ വോട്ടര്‍ ഇതേ പേരിലും വിലാസത്തിലും ഉദുമ മണ്ഡലത്തില്‍ അഞ്ച് തവണ പേര് ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. സീരില്‍ നമ്പര്‍ 391( വോട്ടേഴ്സ് ഐ.ഡി നമ്പര്‍ RDQ1489962), സീരിയല്‍ നമ്പര്‍ 392 വോട്ടേ്ഴസ് ഐ.ഡി നമ്പര്‍ RDQ 1464478), സീരിയല്‍ നമ്പര്‍ 581 (എ.ഡി.നമ്പര്‍ RDQ1464163), സീരിയല്‍ നമ്പര്‍ 582( ഐ.ഡി. നമ്പര്‍ RDQ 1489970) , സീരിയല്‍ നമ്പര്‍ 584 (ഐ.ഡി. നമ്പര്‍ RDQ 14644569). ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറല്‍ ഐ.ഡി. കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്. അഞ്ച് കാര്‍ഡുകള്‍ക്കും അഞ്ച് നമ്പരുമുണ്ട്.

ഇത് ഒറ്റപ്പെട്ട കഥയല്ല. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ള വോട്ടുകളാണ് ഇങ്ങനെ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. കഴക്കൂട്ടം മണ്ഡലത്തില്‍ ഇതേ പോലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. എത്ര വ്യാപകമായിട്ടാണ് കള്ളവോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്. സംസ്ഥാന തലത്തില്‍ വ്യക്തമായ ഗൂഢാലോചനയോടെയാണ് കള്ളവോട്ടര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള ഈ പ്രക്രിയ നടന്നിരിക്കുന്നത്. വോട്ടര്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഒരേ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി തവണ കള്ള വോട്ടര്‍മാരെ സൃഷ്ടിക്കാനാവില്ല.

ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിട്ടുള്ളതെന്ന് ന്യായമായും സംശയിക്കണം. ഈ അട്ടിമറിക്കുവേണ്ടി ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടോ എന്നും സംശയിക്കണം. മരിച്ചു പോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ ചേര്‍ത്താണ് നേരത്തെ കള്ളവോട്ട് നടത്തിയിരിക്കുന്നത്. എന്നാല്‍ ഒരേ ആളിന്റെ പേര് തന്നെ നിരവധി തവണ ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ഇരട്ടിപ്പ് വന്ന ഈ പേരുകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

മാത്രമല്ല സംസ്ഥാന തലത്തില്‍ വന്‍ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ട്. അതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കണം. ഗൂഢാലോചന നടത്തിയവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടണം. ഈ കള്ളവോട്ടുകളെല്ലാം നീക്കം ചെയ്തശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 140 മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിച്ച് കള്ളവോട്ടുകള്‍ നീക്കം ചെയ്യണം".

TAGS :
Next Story