ഫൈസറിന് പുറമെ മോഡേണ വാക്സിനും; ഖത്തറില്‍ കോവിഡ് കുത്തിവെപ്പ് കൂടുതല്‍ പേരിലേക്ക്
മൊഡേണ വാക്സിന് ആദ്യ ഘട്ടത്തില്‍ മൂന്ന് ഹെല്‍ത്ത് സെന്ററുകളില്‍

നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന ഫൈസര്‍ കമ്പനിയുടെ വാക്സിന് പുറമെയാണ് മൊഡേണ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കോവിഡ് വാക്സിന് കൂടി ഖത്തറില്‍ ലഭ്യമാക്കുന്നത്. രാജ്യത്തെ മൂന്ന് പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് മൊഡേണ വാക്സിനും ലഭ്യമാക്കിയിരിക്കുന്നത്. അല്‍ വജ്ബ, ലിബൈബ്, അല്‍ തുമാമ എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് മൊഡേണ വാക്സിനും കൂടി ജനങ്ങള്‍ക്ക് നല്‍കുക. 95 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് മൊഡേണ കമ്പനിയുടെ വാക്സിന് കൂടി ഖത്തറില്‍ എത്തിച്ചിരിക്കുന്നതെന്ന് ഖത്തര്‍ പൊതുജനാരോഗ്യവകുപ്പിലെ ഉന്നതമേധാവി ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. വരുന്ന ആഴ്ചചകളില് മൊഡേണയുടെ കൂടുതല്‍ മരുന്നുകള്‍ എത്തിക്കും. ഇതോടെ നിലവിലുള്ള കുത്തിവെപ്പ് കാമ്പയിന് കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കും. കുത്തിവെപ്പ് നല്‍കുന്നതിന് നിലവിലുള്ള രീതികള്‍ തന്നെയാണ് തുടരുക. നിലവില്‍ കുത്തിവെപ്പിന് അര്‍ഹതയുള്ളവരെ അതത് ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് വിളിക്കുമ്പോള്‍ ഏത് കമ്പനിയുടെ മരുന്നാണ് അവര്‍ക്ക് നല്‍കുകയെന്ന് നേരിട്ട് അറിയിക്കും.