തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം; ഭേദഗതികള്‍ക്ക് ശുപാര്‍ശചെയ്ത് ഖത്തര്‍ ഷൂറാ കൌണ്‍സില്‍
'തൊഴിലുടമയുടെ അനുമതിയില്ലാതെ മൂന്ന് തവണയിലധികം തൊഴിലാളിയെ ജോലി മാറാന്‍ അനുവദിക്കരുത്'

ഖത്തറില്‍ തൊഴിലുടമയുടെ സമ്മതമില്ലാതെ മൂന്ന് തവണ മാത്രമേ തൊഴിലാളിക്ക് ജോലി മാറാന്‍ അനുവാദം നല്‍കാവൂവെന്ന് ഷൂറാ കൌണ്‍സില്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാമെന്ന ഇളവ് നേരത്തെ ഖത്തറില്‍ നിലവില്‍ വന്നിരുന്നു. തൊഴിലാളികള്‍ ഈ സൌകര്യം വ്യാപകമായി ഉപയോഗപ്പെടുത്തുന്ന പക്ഷം ജോലിയുടെ ഗൌരവവും ഉത്തരവാദിത്തവും കുറയുമെന്ന വിലയിരുത്തലിലാണ് ഷൂറാ കൌണ്‍സില്‍ സര്‍ക്കാരിന് മുമ്പാകെ പുതിയ ശിപാര്‍ശകള്‍ വെച്ചത്. തൊഴിലുടമയുടെ അനുമതി കൂടാതെ മൂന്നിലധികം തവണ തൊഴിലാളിയെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അനുവദിക്കരുതെന്നാണ് പ്രധാന ശുപാര്‍ശ. ഒരു കമ്പനിയില്‍ പ്രതിവര്‍ഷം 15 ശതമാനം പേര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ജോലി മാറ്റത്തിനുള്ള അനുമതി നല്‍കാവൂവെന്നും ശിപാര്‍ശയുണ്ട്. മറ്റ് ശിപാര്‍ശകള്‍ താഴെ പറയുന്നവയാണ്
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പ്രോജക്ടുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് കരാര്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ ജോലി മാറ്റം അനുവദിക്കരുത്.
ഈ തൊഴിലാളികളുടെ വിസയും കോണ്ട്രാക്റ്റും തമ്മില്‍ ബന്ധിപ്പിക്കണം.
തൊഴിലാളി മാറുമ്പോള്‍ പഴയ കമ്പനിയുടെ വിസ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കണം.
തൊഴിലാളിക്ക് വേണ്ടി കമ്പനി ചെലവാക്കുന്ന തുകയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം.
തൊഴിലാളി രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുമ്പ് തൊഴിലുടമയെ മെസേജ് വഴിയോ മെട്രാഷ് ആപ്പ് വഴിയോ അറിയിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സംവിധാനമൊരുക്കണം.
വിശദമായ പരിശോധനകള്‍ക്കും ചര്‍ച്ചയ്ക്കും ശേഷം സര്‍ക്കാര്‍ ഈ ശുപാര്‍ശകളില്‍ തീരുമാനമെടുക്കും