ചില കോവിഡ് നിയന്ത്രണങ്ങള്‍ ഖത്തര്‍ പുനസ്ഥാപിച്ചു, വിമാനസര്‍വീസുകളില്‍ മാറ്റമില്ല
തീരുമാനം കോവിഡ് രോഗികള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ ചില നിയന്ത്രണങ്ങൾ പുനസ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ ഖത്തറിലേക്ക് യാത്രാവിലക്ക് ഇല്ല. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു. നിലവിലുള്ള സര്‍വീസുകള്‍ അതേപടി തുടരും. വീണ്ടും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്.
ഓഫിസുകളിൽ 80 ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാൻ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം.
ഓഫിസുകളിലെ യോഗങ്ങളിൽ 15 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.
ഇൻഡോർ പരിപാടികളിൽ അഞ്ചുപേർ മാത്രമേ ഉണ്ടാകാവൂ. പുറത്തുനടക്കുന്ന പരിപാടികളിൽ 15 പേർക്കും അനുമതി.
പാർക്കുകളിലെയും ബീച്ചുകളിലെയും കളിസ്ഥലങ്ങൾ അടക്കും.
റസ്റ്റോറൻറുകൾ, കഫേകൾ എന്നിവയുടെ പ്രവർത്തനശേഷി കുറച്ചു. മാളുകളിലെ ഫുഡ്കോർട്ടുകൾ അടക്കണം.
പള്ളികൾ അടക്കില്ല. അംഗശുദ്ധിവരുത്താനുള്ള സൗകര്യങ്ങൾ, ടോയ്ലെറ്റ് എന്നിവ അടച്ചിടും.
ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയിൽ തന്നെ നിലവിലുള്ള ശേഷിയിൽ സ്കൂളുകൾ പ്രവർത്തിക്കും.