LiveTV

Live

Qatar

മൂന്നര വര്‍ഷം നീണ്ട ഖത്തര്‍ ഉപരോധത്തിന്‍റെ നാള്‍‌വഴികള്‍

ഉപരോധം പിന്‍വലിക്കുന്നതിനായി 13 ഉപാധികള്‍ ചതുര്‍രാജ്യങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ഖത്തര്‍ അംഗീകരിച്ചില്ല. ലോകരാഷ്ട്രീയത്തെ തന്നെ പിടിച്ചുലച്ച ഖത്തര്‍ ഉപരോധത്തിന്‍റെ നാള്‍വഴികളിലൂടെ

മൂന്നര വര്‍ഷം നീണ്ട ഖത്തര്‍ ഉപരോധത്തിന്‍റെ നാള്‍‌വഴികള്‍

2017 ജൂണ്‍ അഞ്ചിനാണ് സൌദി അറേബ്യയുടെ നേതൃത്വത്തില്‍ അയല്‍ രാജ്യങ്ങളും ഈജിപ്തും ചേര്‍ന്ന് ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിക്കുന്നത്. ഉപരോധം പിന്‍വലിക്കുന്നതിനായി 13 ഉപാധികള്‍ ചതുര്‍രാജ്യങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ഖത്തര്‍ അംഗീകരിച്ചില്ല. അറബ് മേഖലയെ മാത്രമല്ല ലോകരാഷ്ട്രീയത്തെ തന്നെ പിടിച്ചുലച്ച ഖത്തര്‍ ഉപരോധത്തിന്‍റെ നാള്‍വഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

അന്താരാഷ്ട്ര ഭീകരവാദ സംഘടനകള്‍ക്ക് ഖത്തര്‍ ഒത്താശ ചെയ്യുന്നുവെന്ന സൌദി സഖ്യരാജ്യങ്ങളുടെ ആരോപണത്തോട് കൂടിയാണ് സംഘര്‍ഷം അതിന്‍റെ പാരമ്യത്തിലേക്ക് കടക്കുന്നത്. പിന്നാലെ 2017 മെയ് 24 ന് ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റിനെതിരെ ഹാക്കിങ് ആക്രമണം.

 • ജൂണ്‍ 5: സൌദി യുഎഇ ബഹ്റൈന്‍ എന്നിവര്‍ക്കൊപ്പം ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരെ കര വ്യോമ ജല മാര്‍ഗങ്ങള്‍ അടച്ച് ഉപരോധം പ്രഖ്യാപിക്കുന്നു

 • ജൂണ്‍ 7: ഖത്തറിന് സംരക്ഷണമൊരുക്കാന്‍ ദോഹയിലേക്ക് സൈന്യത്തെ അയക്കുമെന്ന് തുര്‍ക്കി പ്രഖ്യാപിക്കുന്നു. ഖത്തറിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ഒരുക്കമാണെന്നും തുര്‍ക്കി

 • ജൂണ്‍ 23: ഉപരോധം പിന്‍വലിക്കാന്‍ ചതുര്‍രാജ്യങ്ങള്‍ ഖത്തറിന് മേല്‍ പതിമൂന്നിന ഉപാധികള്‍ വെക്കുന്നു. മുസ്ലിം ബ്രദര്‍ഹുഡ്, ഹിസ്ബുള്ള ഉള്‍പ്പെടെയുള്ളവയുമായി ബന്ധം വിച്ഛേദിക്കുക, അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുക തുടങ്ങിയവയായിരുന്നു ഉപാധികള്‍.

 • ജൂലൈ 1: തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതായതിനാല്‍ ഉപാധികള്‍ തള്ളിക്കളയുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി

 • ജൂലൈ 20: ഖത്തര്‍ ന്യൂസ് ഏജന്‍സിക്കെതിരായ ഹാക്കിങ് ആക്രമണത്തിന് പിന്നില്‍ യുഎഇയാണെന്നതിന് തെളിവുകളുണ്ടെന്ന് ഖത്തറിന്‍റെ അവകാശവാദം.

 • ജൂലൈ 21: ഖത്തര്‍ അമീര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു, രാജ്യത്തിന്‍റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്യം കരുത്തോടെ മുന്നോട്ടുപോകുമെന്നും അമീറിന്‍റെ പ്രഖ്യാപനം

 • ജൂലൈ 30: ഖത്തറുമായി ഉപാധികള്‍ വെച്ചുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഉപരോധ രാജ്യങ്ങള്‍

 • സെപ്തംബര്‍ 19: യുഎന്‍ പൊതുസഭയില്‍ ഖത്തര്‍ അമീറിന്‍റെ പ്രസംഗം, തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം അനീതിയും കടുത്ത മനുഷ്യാവകാശലംഘ‌നവുമാണെന്ന് അമീര്‍

 • ഡിസംബര്‍ 5: കുവൈത്തില്‍ നടന്ന ജിസിസി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തെങ്കിലും ഉപരോധ രാജ്യങ്ങളുടെ നേതാക്കള്‍ വിട്ടുനില്‍ക്കുന്നു.

 • 2018 ജനുവരി 10: ഉപരോധം അന്യായമാണെന്ന് കാട്ടി ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കുന്നു

 • മെയ് 30: മക്കയില്‍ നടന്ന അടിയന്തിര ജിസിസി യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നു

 • നവംബര്‍ 5: ഉപരോധത്തെ അതിജീവിച്ചതായി ഖത്തര്‍ പ്രഖ്യാപിക്കുന്നു

 • നവംബര്‍ 13: ഖത്തറില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിലേക്ക് ടീമുകളെ അയക്കാന്‍ സൌദി യുഎഇ ബഹ്റൈന്‍ ഫുട്ബോള്‍ ഫെഡറേഷനുകള്‍ സന്നദ്ധരാകുന്നു

 • ഡിസംബര്‍ 6: തര്‍ക്കം അവസാനിപ്പിക്കുന്നതിന് സൌദിയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി

 • 2020 ഫെബ്രുവരി 15: ഉപരോധ രാജ്യങ്ങളുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി

 • സെപ്തംബര്‍ 10: ഖത്തറിനെതിരായ അയല്‍രാജ്യങ്ങളുടെ ഉപരോധം ആഴ്ച്ചകള്‍ക്കകം അവസാനിച്ചേക്കുമെന്ന് യുഎസ് നയതന്ത്രപ്രതിനിധി ഡേവിഡ് ഷെന്‍കര്‍.

 • നവംബര്‍17: ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ്.

 • ഡിസംബര്‍ 3 : യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഉപദേഷ്ടാവ് ജെറാദ് കുഷ്നര്‍ ദോഹയിലെത്തി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച്ച നടത്തുന്നു.

 • ഡിസംബര്‍ 5 : ഇരുപക്ഷവും ഒത്തുതീര്‍പ്പിന്‍റെ അടുത്തെത്തിയെന്ന കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ സൌദിയും ഖത്തറും സ്വാഗതം ചെയ്യുന്നു.

 • ഡിസംബര്‍ 30 -ജനുവരി അഞ്ചിന് റിയാദില്‍ നടക്കുന്ന ജിസിസി കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സൌദി രാജാവ് ഖത്തര്‍ അമീറിനെ ക്ഷണിക്കുന്നു. ജിസിസി സെക്രട്ടറിയില്‍ നിന്നും ഖത്തര്‍ അമീര്‍ കത്ത് നേരിട്ട് കൈപ്പറ്റുന്നു

 • 2021ജനുവരി 4 : ഖത്തറിനെതിരായ ഉപരോധം സൌദി അറേബ്യ അവസാനിപ്പിച്ചതായും വ്യോമ കര ജലപാതകള്‍ തുറന്നതായും കുവൈത്ത് വിദേശകാര്യമന്ത്രി അറിയിക്കുന്നു. സൌദിയിലെ അല്‍ ഉലയില്‍ നടക്കുന്ന ജി.സി.സി യോഗത്തില്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ അമീര്‍ പ്രഖ്യാപിക്കുന്നു