അമീറും കോവിഡ് കുത്തിവെപ്പ് എടുത്തു; പാര്‍ശ്വഫലങ്ങളില്ലെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ്
കുത്തിവെപ്പ് കാമ്പയിന് ഒരാഴ്ച്ച പിന്നിട്ടു

ഖത്തറില്‍ ഈ മാസം 23ന് ആരംഭിച്ച കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് സജീവമായി തുടരുന്നതിനിടെയാണ് രാഷ്ട്രനായകന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഇന്ന് കുത്തിവെപ്പ് സ്വീകരിച്ചത്. കോവിഡ് കുത്തിവെപ്പ് എടുത്തതായും രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് മുക്തരാകാന്‍ ആഗ്രഹിക്കുന്നതായും പിന്നീട് അമീര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.
അമീറിനെ കൂടാതെ നിരവധി പ്രമുഖരും നേരത്തെ തന്നെ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ശൈഖ് അബ്ധുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി, അമീറിന്റെ സഹോദരനും ആഭ്യന്തരസുരക്ഷാ വിഭാഗമായ ലഖ്വിയയിലെ മുതിര്‍ന്ന ഓഫീസറും കൂടിയായ ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി, ലഖ്വിയയിലെ മറ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവരും കുത്തിവെപ്പ് സ്വീകരിച്ചു.
കുത്തിവെപ്പ് കാമ്പയിന് ഒരാഴ്ച്ച പിന്നിടവെ ഇതുവരെ ആര്‍ക്കും ഗുരുതരമായ പാര്ശ്വഫലങ്ങളുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കുറഞ്ഞ ശതമാനം ആളുകളില്‍ മാത്രം നേരിയ പനി, തലവേദന എന്നിവ ഉണ്ടായതൊഴിച്ചാല്‍ ആര്‍ക്കും കാര്യമായ പ്രശ്നങ്ങളില്ല.
പ്രായംകൂടിയവര്‍, ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്. അല്‍ വജ്ബ, ലിബൈബ്, അല്‍ റുവൈസ്, ഉംസലാല്‍ അലി, റൌലത്തുല്‍ ഖൈല്‍, അല്‍ തുമാമ, മൈദര്‍ എന്നീ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് നിലവില്‍ കുത്തിവെപ്പ് നല്‍കുന്നത്. അര്‍ഹരായ വിഭാഗക്കാരെ ഇത്രയും സെന്ററുകളില്‍ നിന്ന് നേരിട്ട് വിളിച്ച് അപ്പോയിന്മെന്റ് നല്‍കുകയാണ് ചെയ്യുന്നത്