ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ദോഹയിലെത്തി
ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി
ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഫലസ്തീന് പ്രശ്നം പൂര്‍ണാര്‍ത്ഥത്തില്‍ പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി യാതൊരു തരത്തിലുള്ള നയതന്ത്രബന്ധവും ഉണ്ടാക്കില്ലെന്ന നിലപാട് ഖത്തര്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ദോഹ സന്ദര്‍ശനം.
ഖത്തര്‍ വിദേശകാര്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയുടെ നേതൃത്വത്തില്‍ ദോഹ വിമാനത്താവളത്തില്‍ മഹ്മൂദ് അബ്ബാസിന് ഊഷ്മള സ്വീകരണമൊരുക്കി. തുടര്‍ന്ന് അമീരി ദിവാനിലെത്തിയ മഹ്മൂദ് അബ്ബാസ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഫലസ്തീനിലെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ മഹ്മൂദ് അബ്ബാസ് അമീറിനെ ധരിപ്പിച്ചു.
ഫലസ്തീന് ഖത്തര്‍ നല്കി വരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ മുഴുവന്‍ സഹായ സഹകരണങ്ങള്‍ക്കും മഹ്മൂദ് അബ്ബാസ് അമീറിന് നന്ദി പറഞ്ഞു. പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുവരുന്ന മധ്യസ്ഥ ചര്‍ച്ചകളും ഇരുവരും ചര്‍ച്ച ചെയ്തു.
അയല്‍ രാജ്യങ്ങളില്‍ മിക്കതും ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ചപ്പോള്‍ ഫലസ്തീനികള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമില്ലാത്തിടത്തോളം ഇസ്രയേലുമായി യാതൊരു തരത്തിലുള്ള ബന്ധത്തിനും തയ്യാറല്ലെന്നാണ് ഖത്തറിന്റെ നിലപാട്. ഇതിന് പുറമെ കോടികളുടെ സാമ്പത്തിക സഹായമാണ് ഓരോ വര്‍ഷവും ഖത്തര്‍ ഫലസ്തീന് ജനതയ്ക്ക് നല്കി വരുന്നത്.