ഖത്തര്‍ ഉപരോധം: ഇരുപക്ഷവും ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന് കുവൈത്ത്
ഗള്‍ഫ് പ്രതിസന്ധി തീരാന്‍ സമയമായെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സമവായ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. ഇരുപക്ഷവും ഒത്തുതീര്‍പ്പിന്റെ അടുത്തെത്തിയെന്ന കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ സൌദിയും ഖത്തറും സ്വാഗതം ചെയ്തു. ഗള്‍ഫ് പ്രതിസന്ധി തീരാന്‍ സമയമായെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയും പറഞ്ഞു.
ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഡോണാള്‍ഡ് ട്രംപിന്റെ ഉപദേശകന് ജെറാദ് കുഷ്നര്‍ വാഷിങ്ടണില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വിദേകാര്യമന്ത്രിയുടെ നിര്‍ണായക പ്രതികരണം പുറത്തുവന്നത്.
സമവായ ശ്രമങ്ങളില്‍ കാര്യമായ പുരോഗതി കൈവന്നതായും ഇരുപക്ഷങ്ങളും തുറന്ന മനസ്സോടെയാണ് ഇപ്പോഴത്തെ ചര്‍ച്ചകളെ സമീപിക്കുന്നതെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അസ്സബാഹ് പറഞ്ഞു. അന്തിമ ഒത്തുതീര്‍പ്പില്‍ ഉടന്‍ തന്നെ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് തൊട്ടുപിന്നാലെ ഖത്തര്‍ സൌദി വിദേശകാര്യമന്ത്രിമാരുടെ പ്രതികരണങ്ങളെത്തി. പ്രശ്നപരിഹാരത്തിനായുള്ള കുവൈത്തിന്റെ ശ്രമങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായി പറഞ്ഞ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനി കാര്യങ്ങള്‍ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു
നിര്‍ണായകമായ പുരോഗതി സമവായ ചര്ച്ചകളിലുണ്ടായതായി സൌദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനും പ്രതികരിച്ചു.ഉപരോധം അവസാനിപ്പിക്കുന്നതിനായുള്ള നീക്കങ്ങള്‍ അതിന്റെ അവസാന ലാപ്പിലാണെന്നും കുവൈത്തിന്റെ ഇടപെടലുകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് പ്രതിസന്ധി തീരാന്‍ സമയമായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയും പ്രതികരിച്ചു.