ഖത്തറില്‍ പുതിയ രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ കൂടി അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും
മൊത്തം മൂവായിരം സീറ്റുകള്‍ കൂടി അധികം ലഭിക്കും

ഖത്തറിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് അപര്യാപ്തതാ പ്രശ്നം മറികടക്കുന്നതിനായി രണ്ട് പുതിയ ഇന്ത്യന്‍ സ്കൂളുകള്‍ കൂടി അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ അറിയിച്ചു. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്കൂള്‍, പേള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന സ്കൂളുകള്‍. വുഖൈറിലാണ് രണ്ട് സ്കൂളുകളും സ്ഥാപിക്കുന്നത്. ഇതിനായുള്ള അനുമതി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയതായും സ്കൂള്‍ നിര്‍മ്മാണം നടന്നുവരികയാണെന്നും അംബാസഡര്‍ പറഞ്ഞു. ഇതിന് പുറമെ നോബിള്‍ സ്കൂളിന് കെട്ടിടമുണ്ടാക്കാന്‍ സര്‍ക്കാര്‍ സ്വന്തമായി സ്ഥലം അനുവദിച്ചിട്ടുണ്ട് . പുതിയ മൂവായിരം അധിക സീറ്റുകള്‍ കൂടി ഈ സ്കൂളുകള്‍ തുറക്കുന്നതോടെ ലഭിക്കുമെന്നും അംബാസഡര്‍ അറിയിച്ചു. എന്നാല്‍ ഉയര്‍ന്ന ഫീസ് നിരക്ക് ഈടാക്കുന്ന സ്കൂളുകളായിരിക്കും പുതിയ രണ്ടെണ്ണവും. അതിനാല്‍ തന്നെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങള്‍ക്ക് എത്രമാത്രം ഇവ ഉപകാരപ്രദമാകുമെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്