LiveTV

Live

Qatar

ഖത്തര്‍ ലോകകപ്പിനായുള്ള നാലാമത്തെ സ്റ്റേഡിയം ഡിസം.18 ന് ഉദ്ഘാടനം ചെയ്യും

ദേശീയ ദിനത്തില്‍ അമീര്‍ കപ്പ് ഫൈനലിന് വേദിയായാണ് അല്‍ റയ്യാന്‍ സ്റ്റേഡിയം തുറന്നുകൊടുക്കുന്നത്

ഖത്തര്‍ ലോകകപ്പിനായുള്ള നാലാമത്തെ സ്റ്റേഡിയം ഡിസം.18 ന് ഉദ്ഘാടനം ചെയ്യും

2022 ലോകകപ്പിലേക്ക് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ നാലാമത്തെ സ്റ്റേഡിയവും കായിക ലോകത്തിനായി സമര്‍പ്പിക്കുകയാണ് ഖത്തര്‍. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ പതിനെട്ടിന് ആഭ്യന്തര ക്ലബ് ചാംപ്യന്‍ഷിപ്പായ അമീര്‍ കപ്പിന്‍റെ ഫൈനല്‍ മത്സരത്തിന് വേദിയൊരുക്കിയാണ് അല്‍ റയ്യാന്‍ ഉദ്ഘാടനം ചെയ്യപ്പെടുക.

ആഭ്യന്തര ക്ലബായ അല്‍ റയ്യാന്‍ ക്ലബിന്‍റെ ഹോം ഗ്രൌണ്ടായിരുന്ന പഴയ റയ്യാന്‍ സ്റ്റേഡിയം ലോകകപ്പിന് വേണ്ടി നവീകരിച്ചതാണ്. ഇന്ത്യന്‍ നിര്‍മ്മാണ കമ്പനിയായ എല്‍എന്‍ടിയാണ് നവീകരണ ജോലിയിലെ പ്രധാനികളെന്നത് ശ്രദ്ധേയമാണ്. മണല്‍കൂനയുടെ ആകൃതിയില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ നാല്‍പ്പതിനായിരം പേര്‍ക്കിരുന്ന കളി കാണാനുള്ള സൌകര്യമാണുള്ളത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടവും പ്രീക്വാ്ര‍ട്ടറും ഉള്‍പ്പെടെയുള്ള ഏഴ് മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്.

ദോഹയില്‍ നിന്നും മെട്രോ സര്‍വീസ് വഴി പതിനഞ്ച് മിനുട്ട് കൊണ്ട് റയ്യാനിലെത്താം. മെട്രോ ഗ്രീന്‍ ലൈനിലെ അല്‍ റിഫ സ്റ്റേഷനിലാണ് സ്റ്റേഡിയത്തിലെത്താന്‍ വേണ്ടി ഇറങ്ങേണ്ടത്. ഫുട്ബോള്‍ ഗ്രൌണ്ടിന് പുറത്ത് പരിശീലന മൈതാനങ്ങള്‍, ക്രിക്കറ്റ് പിച്ചുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ജിംനേഷ്യം, ടെന്നിസ് കോര്‍ട്ടുകള്‍, അത്ലറ്റിക് ട്രാക്ക് എന്നിവക്ക് പുറമെ മനോഹരമായ രീതിയില്‍ തയ്യാറാക്കിയ വിശാലമായ പാര്‍ക്കും അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്‍റെ മനോഹാരിത വര്‍ധിപ്പിക്കുന്നു.

നവീകരിച്ച ഖലീഫ സ്റ്റേഡിയം, പുതുതായി നിര്‍മ്മിച്ച അല്‍ ജനൂബ്, എജുക്കേഷന്‍ സിറ്റി എന്നിവയാണ് നേരത്തെ ഖത്തര്‍ ലോകകപ്പിനായി ജോലികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. മൊത്തം എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തര്‍ ഒരുക്കുന്നത്