തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് ഖത്തറില്‍
ഇസ്രയേലുമായി ചില അറബ് രാജ്യങ്ങളുണ്ടാക്കിയ സഹകരണ കരാറിനെതിരെ ഖത്തറും തുര്‍ക്കിയും കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഖത്തറിനെതിരായ ഉപരോധം, ഇസ്രയേലിനുള്ള അറബ് രാജ്യങ്ങളുടെ സഹകരണം തുടങ്ങി വിഷയങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്ത്താനുയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന് ദോഹയിലെത്തിയത്. ഖത്തര്‍ പ്രതിരോധ വകുപ്പ് മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ദോഹ എയര്‍പോര്‍ട്ടില്‍ ഉറുദുഗാന് നല്‍കിയത്. തുര്‍ക്കി പ്രതിരോധ, സാമ്പത്തികകാര്യ മന്ത്രിമാരടക്കം ഉന്നതതലസംഘം ഉറുദുഗാനൊപ്പമുണ്ട്.
ഖത്തറിനെതിരായ അയല്‍ രാജ്യങ്ങളുടെ ഉപരോധ വിഷയത്തില്‍ നിര്‍ണായക പരിഹാര ശ്രമങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് തുര്‍ക്കി പ്രസിഡന്റിന്റെ ദോഹ സന്ദര്‍ശനമെന്നത് പ്രസക്തമാണ്. ഇസ്രയേലുമായി ചില അറബ് രാജ്യങ്ങളുണ്ടാക്കിയ സഹകരണ കരാറിനെതിരെ ഖത്തറും തുര്‍ക്കിയും കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച വലിയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
ഖത്തറുമായി ഏറ്റവും വലിയ സൌഹൃദവും സഹകരണവും പങ്കിടുന്ന രാഷ്ട്രം കൂടിയാണ് തുര്‍ക്കി. സൈനിക പ്രതിരോധ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിള്‍ ശക്തമായ സഹകരണമാണ് നിലനില്‍ക്കുന്നത്. 2015 മുതല്‍ തുര്‍ക്കിയുടെ സൈനിക താവളം ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളെല്ലാം ഇരുവരുടെയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും. തുടര്‍ന്ന് നാളെ തന്നെ ഉറുദുഗാന് അങ്കാറയിലേക്ക് മടങ്ങും.
Adjust Story Font
16