LiveTV

Live

Qatar

'എന്നും ആപത്തില്‍ അവലംബമാവുന്ന കൂട്ടുകാരന് അഭിവാദ്യങ്ങള്‍'; ഖത്തര്‍ അമീറിനെ വാഴ്ത്തി ബൈറൂത്തില്‍ വന്‍ ബോര്‍ഡുകള്‍

'സ്ഫോടനത്തില്‍ തകര്‍ന്ന ബെയ്റൂത്തിനായി ലോകരാജ്യങ്ങള്‍ ഒന്നിക്കണം'

'എന്നും  ആപത്തില്‍ അവലംബമാവുന്ന കൂട്ടുകാരന് അഭിവാദ്യങ്ങള്‍'; ഖത്തര്‍ അമീറിനെ വാഴ്ത്തി ബൈറൂത്തില്‍ വന്‍ ബോര്‍ഡുകള്‍

സ്ഫോടനത്തില്‍ ‍ തകര്‍ന്ന ബെയ്റൂത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ലോകരാജ്യങ്ങളുടെ ഒന്നിച്ചുള്ള നീക്കമുണ്ടാകണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. ബെയ്റൂത്ത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എന്‍ സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത അന്താരാഷ്ട്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 50 മില്യണ്‍ ഡോളറിന്‍റെ സഹായപ്രവര്‍ത്തനങ്ങളാണ് ഇതുവരെ ഖത്തര്‍ ബെയ്റൂത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്.

ലബനന്‍ തലസ്ഥാനമായ ബെയ്റൂത്തിന്‍റെ തെരുവോരങ്ങളില്‍ ഖത്തര്‍ അമീറിന്‍റെ പടം വെച്ചുള്ള കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. ദേശീയ പത്രങ്ങളിലെല്ലാം അമീറിന്‍റെ പടം വെച്ചുള്ള ഫുള്‍ കോളം വാര്‍ത്തകളും.

എല്ലാറ്റിലും എഴുതിയിട്ടുള്ള അറബി വാക്കിന്‍റെ ചുരുക്കത്തിലുള്ള മലയാള അര്‍ത്ഥം ഇതാണ്. 'എന്നും എപ്പോഴും ആപത്തില്‍ സഹായിത്തിനെത്തുന്ന കൂട്ടുകാരന് അഭിവാദ്യങ്ങള്‍'. അത്രയൊക്കെ എഴുതാനുള്ള കാര്യകാരണങ്ങള്‍ ഇത്രയുമാണ്.

സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ പരിക്കേറ്റവരെ ചികിത്സിക്കാനായി രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകളും ടണ്‍ കണക്കിന് അടിയന്തിര മരുന്ന് സഹായവും ഖത്തര്‍ വകയായി ബെയ്റൂത്തിലെത്തി.

പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി ഖത്തര്‍ സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ വലിയ സംഘം പറന്നിറങ്ങി. പിറകെ 45 ടണ്‍ അത്യാവശ്യസാധനങ്ങളുമായി ഖത്തര്‍ എയര്‍വേയ്സിന്‍റെ വിമാനം ബെയ്റൂത്തിലേക്ക് പറന്നു.

എല്ലാറ്റിനും പിന്നാലെയാണ് മഹാസ്ഫോടനത്തില്‍ സര്‍വം നഷ്ടമായ ബെയ്റൂത്തിനെ പുനര്‍നിര്‍മ്മിക്കുന്നതിനായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടിറേസും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും വിളിച്ചു ചേര്‍ത്ത അന്താരാഷ്ട്ര നേതാക്കളുടെ യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തത്. ബെയ്റൂത്ത് നേരിട്ട അങ്ങേയറ്റം ദൌര്‍ഭാഗ്യകരമായ അപകടത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ബെയ്റൂത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ലോകജനത മുന്നോട്ടുവരണമെന്ന് അമീര്‍ അഭ്യര്‍ത്ഥിച്ചു.

ബെയ്റൂത്തിന്‍റെ പുനര്‍നിര്‍മ്മാണ സഹായഫണ്ടിലേക്കായി ഖത്തറിന്‍റെ വിഹിതം വരും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. അമ്പത് മില്യണ്‍ ഡോളറിന്‍റെ സഹായപ്രവര്‍ത്തനങ്ങള്‍ ഇതിനകം ബെയ്റൂത്തില്‍ ഖത്തര്‍ നടത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.